ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തികളായി അധഃപതിക്കരുത് : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

ഈരാറ്റുപേട്ട: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തികളും അടിമകളുമായി അധഃപതിക്കുന്നത് ജനാധിപത്യ ഭരണസമ്പ്രദായത്തിന് അപമാനമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

അരുവിത്തുറ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകപെന്‍ഷന്‍ 10,000 രൂപയാക്കണമെന്ന നിര്‍ദ്ദേശം 2015ലെ സംസ്ഥാന കാര്‍ഷിക നയത്തിലൂടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഇതുവരെ നടപ്പിലാക്കാതെ അട്ടിമറിച്ചിരിക്കുന്നു. കാര്‍ഡമം ഹില്‍ റിസര്‍വ്വ് വനമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നിര്‍മ്മാര്‍ജജനം ചെയ്യുമ്പോള്‍ കേരളത്തിലിത് വനനിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് നടപ്പിലാക്കാന്‍ തടസ്സം നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണ്. ഭൂമാഫിയകളെ സഹായിക്കാന്‍ റവന്യൂ റിക്കാര്‍ഡുകളില്‍ വന്‍ കൃത്രിമം കാട്ടി ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കടംവാങ്ങി ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളെയും തീറ്റിപ്പോറ്റാന്‍ മാത്രമായി സംസ്ഥാനത്ത് ഒരു ഭരണത്തിന്റെ ആവശ്യമുണ്ടോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സമ്മേളനത്തില്‍ അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി സഖറിയാസ് തുടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ബിനോയ് തോമസിന് സമ്മേളനത്തില്‍ സ്വീകരണം നല്‍കി. ഒന്നാം കര്‍ഷക കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട കര്‍ഷക നിവേദനങ്ങള്‍ അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് തെള്ളിയില്‍ നിന്ന് അഡ്വ.ബിനോയ് തോമസ് ഏറ്റുവാങ്ങി. കര്‍ഷക സംഘടനകള്‍ സംഘടിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡല്‍ഹി കര്‍ഷകസമരം കേരളം പാഠമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സെബാസ്റ്റ്യന്‍ പൊരിയത്ത്, ബാലാജി എള്ളൂക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ

അരുവിത്തുറ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് തെള്ളിയില്‍ കര്‍ഷക നിവേദനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിന് സമര്‍പ്പിക്കുന്നു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ വി.സി. സെബാസ്റ്റ്യന്‍, സഖറിയാസ് തുടിപ്പാറ, പി.ജെ. മാത്യു പ്ലാത്തോട്ടം, സെബാസ്റ്റ്യന്‍ പൊരിയത്ത്, പി.എം.കുര്യന്‍ പ്ലാത്തോട്ടം എന്നിവര്‍ സമീപം.

ഡോ. ജോസ്‌കുട്ടി ഒഴുകയില്‍
ജനറല്‍ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: +91 94476 10201

Author