ഗ്രാമഭംഗി വിളിച്ചോതി ടൂറിസം വകുപ്പ്

ഗ്രാമഭംഗി വിളിച്ചോതി ടൂറിസം വകുപ്പ്
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്ക് ആദ്യം കടന്നുവരുമ്പോള്‍ കാണുന്നത് ഒരു പഴയകാല വീടാണ്. സമീപം നെല്‍ കതിരും ചെറിയ കുളവും ഒക്കെ കൂടിയാവുമ്പോള്‍ ഗ്രാമീണ തനിമ വിളിച്ചോതുന്ന പവലിയനായി അത് മാറുന്നു. ഓല കൊണ്ടുള്ള മറ്റ് വസ്തുക്കളും മെടഞ്ഞ ഓലകളും കാണുമ്പോള്‍ നാം തിരിച്ചു പോകുന്നത് പൈതൃക സ്മരണകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരതയിലേക്കാണ്. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍ വരച്ചുകാട്ടുകയാണ് ഈ പവലിയന്‍.

ആറന്‍മുള കണ്ണാടിയുടെ പൈതൃകവും തനിമയും ഇവിടെ വിശദീകരിക്കപ്പെടുന്നുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ നേട്ടങ്ങള്‍ ജില്ലയുടെ വളര്‍ച്ചക്ക് എന്നും മുതല്‍ക്കൂട്ട് ആയിട്ടുണ്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ തക്കതായ പദ്ധതികളാണ് ജില്ലാ ടൂറിസം വകുപ്പിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പത്തനംതിട്ടയിലെ പ്രധാന വിനോദ സഞ്ചാര മേഖലകള്‍ ഏതൊക്കെ എന്നും എങ്ങനെ നമുക്ക് അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാമെന്നും വകുപ്പ് മനസിലാക്കി നല്‍കുന്നു.

ജില്ലയില്‍ കോവിഡ് കാലത്തിനു ശേഷം വിനോദസഞ്ചാര മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. പന്തളത്തെ തോന്നല്ലൂര്‍ കൃഷിഭവന്റെ സ്റ്റാളില്‍ ചകിരി ചട്ടികള്‍ സുലഭമായി വില്‍ക്കുന്നു. ഇവ പ്ലാസ്റ്റിക് ഗ്രോബാഗിന് പകരമായി ഉപയോഗിക്കുന്നതിനൊപ്പം വീട്ടിലെ അലങ്കാരവസ്തുക്കള്‍ സൂക്ഷിക്കുന്നതിനായും ഉപയോഗിക്കുവാന്‍ സാധിക്കും. വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മ്മാണ സൊസൈറ്റിയുടെ ഹോളോഗ്രാം പതിപ്പിച്ച ആറന്‍മുളകണ്ണാടി ഇവിടെ ലഭ്യമാണ്. വില ആയിരം രൂപ മുതലാണ്. കാരവന്‍ ടൂറിസം, ആറന്മുള ഗ്രാമവുംം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണ പ്രക്രിയകളും, അടവി, ശബരിമല – നിലക്കല്‍, ഗവി എന്നിവയുടെ വിശദമായ ദൃശ്യാവിഷ്‌കാരവും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്.

Leave Comment