സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ അനിവാര്യം: റവ. ഡോ ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ – സണ്ണി കല്ലൂപ്പാറ

Spread the love

ന്യൂയോര്‍ക്ക്: സഭയുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ ആത്മീയ വികാസത്തിനും സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ അനിവാര്യമാണെന്നും അവ അംഗങ്ങളേവരും യഥോചിതം മുന്നോട്ട് വയ്ക്കണമെന്നും മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് റൈറ്റ് റവ. ഡോ ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി.

Picture

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ അസംബ്ലി മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. അസംബ്ലി മെമ്പേഴ്‌സിന് സത്യവാചകം ചൊല്ലിക്കൊടുത്ത ശേഷമായിരുന്നു തിരുമേനിയുടെ പ്രസംഗം. ന്യൂയോര്‍ക്ക് ലോങ് ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചില്‍, മെയ് 7 ന് രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന് ശേഷം ആരംഭിച്ച മീറ്റിങ്ങ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റവ. പി.എം തോമസിന്റേതായിരുന്നു പ്രാരംഭ പ്രാര്‍ത്ഥന. റവ. ജെയ്സണ്‍ തോമസ്, ഉമ്മച്ചന്‍ മാത്യു, ആനി ജോജി എന്നിവരാണ് വര്‍ഷിപ് സര്‍വീസിന് നേതൃത്വം നല്‍കിയത്. റവ. തോമസ് കെ മാത്യുവിന്റെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം, ഭദ്രാസനത്തില്‍ നിന്നും വാങ്ങിപ്പോയവര്‍ക്കുവേണ്ടി മൗന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

Picture2ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം റിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് പി ബാബു ബഡ്ജറ്റും കണക്കും അവതരിപ്പിച്ച് പാസാക്കി. ഉന്നത പഠനത്തിന് പോകുന്ന വൈദികര്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതി ഏര്‍പ്പെടുത്തി. മികച്ച പാരീഷു കള്‍ക്കും മെസഞ്ചറിനും വേണ്ടി ഉന്നത സേവനം ചെയ്തവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ഈ മാസം ചുമതലയേറ്റ ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം സ്വാഗതമാശംസിക്കുകയും ട്രഷറര്‍ ജോര്‍ജ് പി ബാബു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റവ. ടി.കെ ജോണിന്റെ സമാപന പ്രാര്‍ത്ഥനയോടും അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദത്തോടും മീറ്റിംഗ് സമാപിച്ചു.

Author