പാലം പൊളിഞ്ഞ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണം : വി.എസ്.ചന്ദ്രശേഖരന്‍

Spread the love

കോഴിക്കോട്,മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുളിമാട് പാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്ന് വീണ സംഭവത്തില്‍ വിജലന്‍സ് അന്വേഷണം വേണമെന്ന് കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. ചന്ദ്രശേഖരന്‍

രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം ഉണ്ടായത്. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്ത് വരു.പാലം നിര്‍മ്മിക്കുന്നത് 25 കോടി രൂപ ചെലവാക്കിയാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. 25 ലക്ഷത്തിന് മുകളിലുള്ള തുകപോലും മാറാന്‍ കഴിയാത്ത സാമ്പത്തിക്ക ഞെരുക്കം അനുഭവിക്കുമ്പോഴാണ് അഴിമതിയില്‍ തീര്‍ത്ത പാലത്തിന്റെ തകര്‍ച്ച പുറത്ത് വരുന്നത്.

സാങ്കേതികത്വം പറഞ്ഞ് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനാണ് പാലം കരാര്‍ എടുത്തുകമ്പനി ശ്രമിക്കുന്നത്. സിപിഎമ്മിന് പൂര്‍ണ്ണ നിയന്ത്രണമുള്ള കമ്പനിയാണ് പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തിവരുന്നത്.കിഫ്ബിയുടെ 3 കോടിയും എംഎല്‍എ ഫണ്ടിലെ മുക്കാല്‍ കോടിയും ചെലവാക്കി നിര്‍മ്മിച്ച തൃശ്ശൂര്‍ ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികള്‍ നിര്‍മ്മാണത്തെ അപാകതകള്‍ കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ പൊളിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ച് മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഗുരുതരമായ ക്രമക്കേടിനെ തുടര്‍ന്ന് പൊളിച്ച് മാറ്റേണ്ടി വന്നത്. അതുകൊണ്ട് തന്നെ കുളിമാട് പാലം പൊളിഞ്ഞത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്കും നിലവാര തകര്‍ച്ചക്കും തെളിവാണ് ഈ രണ്ടും സംഭവങ്ങള്‍. കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികളിലെ കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും കണ്ണ്. നേരെ ചൊവ്വെ ഒരുപാലവും സ്‌കൂള്‍ കെട്ടിടവും പണിയാനറിയാത്തവരാണ് സെമിസ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

Author