ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തും

Spread the love

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെ എഴുന്നൂറോളം സേവനങ്ങൾ ഓൺലൈനാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഭൂമി സംബന്ധമായ സേവനങ്ങൾ സുഗമമവും സുതാര്യവുമാക്കുന്നതിനാണ് ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനത്തിലെ ചെറിയ മാറ്റങ്ങൾപോലും ജനങ്ങൾക്കിടയിൽ വലിയ തോതിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ വകുപ്പിനെ നവീകരിക്കുകയെന്നതു സർക്കാരിന്റെ പ്രധാന അജണ്ടയാണ്. ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കുന്ന നടപടികൾക്കു പ്രാധാന്യം നൽകണം. മതിയായ ഭൂരേഖകൾ ലഭ്യമാകാത്തതിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കണം. കൈവശാവകാശ രേഖകൾ കൃത്യതയോടെയും സുതാര്യതയോടെയും ലഭ്യമാക്കണം. ഭൂമി തരംമാറ്റുന്നതു സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരമായി തരംമാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനാക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭൂരേഖ ലഭ്യമാക്കുന്നതു സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ഇത്തരം ഇടപെടലുകളിലൂടെ പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്.പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്കു മതിയായ രേഖകളില്ലാത്തവരെ കണ്ടെത്താനും ഭൂരേഖ ലഭ്യമാക്കാനുമാണു സർക്കാരിന്റെ ശ്രമം. യുണീക് തണ്ടപ്പേർ എന്ന ആശയം രൂപപ്പെടുന്നത് ഇതിന്റെ ഭാഗമായിക്കൂടിയാണ്. ഒരു പൗരന് ഒരു തണ്ടപ്പേർ ആകുന്നതോടെ കൃത്രിമം, ഇരട്ടിപ്പ് തുടങ്ങിയവ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാകും. റവന്യൂ വകുപ്പിന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്വെയറിൽ യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിനുള്ള മൊഡ്യൂൾ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫിസുകളിലും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭ്യമാകുന്ന ഒടിപി ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ അതു പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് യുണീക് തണ്ടപ്പേർ ലഭിക്കും. ഈ സംവിധാനം നടപ്പാകുന്നതോടെ ഒരു ഭൂ ഉടമയ്ക്കു സംസ്ഥാനത്തെ ഏതു വില്ലേജിൽനിന്നും ഭൂമിയുടേയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടേയും വിവരങ്ങൾ ഒറ്റ തണ്ടപ്പേർ നമ്പറിൽ ലഭ്യമാകും. സർക്കാരിനെ സംബന്ധിച്ച് പരിധിയിൽക്കവിഞ്ഞ ഭൂമി ഒരാളുടെ കൈവശമുണ്ടെങ്കിൽ അതു കണ്ടെത്താനുമാകും.ഭൂരേഖകൾ കൃത്യവും സുരക്ഷിതവുമാണെന്ന്് ഉറപ്പാക്കാനും ഇതു സഹായിക്കും. യുണീക് തണ്ടപ്പേർ യാഥാർഥ്യമാകുന്നതോടെ കർഷകർക്ക് വിള ഇൻഷ്വറൻസ്, കാർഷിക സബ്സിഡികൾ തുടങ്ങിയവ ലഭിക്കുന്നതിനു വലിയ തടസങ്ങളുണ്ടാകില്ല. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാനാകും. ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഭൂരിഭാഗം തടസങ്ങളും നീക്കുന്നതിനും കൂടുതൽ സുതാര്യത കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നാലു വർഷംകൊണ്ടു കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ ഭൂസർവേ നടപടികൾ പൂർത്തിയാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതിനോടകം വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളെ ഇ-ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായി ക്യൂആർ കോഡ് അധിഷ്ഠിതമായ ഇ-പട്ടയങ്ങൾ വിതരണം ചെയ്യാനും വകുപ്പിന് കഴിഞ്ഞു. പട്ടയങ്ങളുടെ രേഖകൾ നഷ്ടപ്പെട്ടാലും വകുപ്പിന്റെ ഡിജിറ്റൽ ലോക്കറിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Author