ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍

Spread the love

കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മെയ് 21 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷകനേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിംഗ് ധന്യലവാന്‍ (പഞ്ചാബ്) എന്നിവരും ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കളും പങ്കെടുക്കും.

പ്രമുഖ കര്‍ഷക സംഘടനാ നേതാക്കളായ കെ.ശാന്തകുമാര്‍ (കര്‍ണ്ണാടക), ദേവശിഖാമണി (തമിഴ്‌നാട്), പി.നരസിംഹനായിഡു (തെലുങ്കാന), ദശരഥറെഢി (ആന്ധ്ര), പി ടി ജോണ്‍, അഡ്വ. ജോണ്‍ ജോസഫ് (കേരള) എന്നിവരാണ് സൗത്ത് ഇന്ത്യയുടെ മറ്റു ഭാരവാഹികള്‍.

21ന് രാവിലെ 10ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല കര്‍ഷക മത്സ്യത്തൊഴിലാളി സംയുക്ത പ്രക്ഷോഭധര്‍ണ്ണയും തുടര്‍ന്ന് നേതൃസമ്മേളനവും ഉച്ചകഴിഞ്ഞ് 2.30ന് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ റാലിയും സമ്മേളനവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഒരുമിച്ചു ചേര്‍ന്ന് നിലനില്പിനായുള്ള ജീവപോരാട്ടത്തിന് പുതിയ സമരമുഖം ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുറക്കുമെന്നും കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും തൊഴിലാളികളും സംഘടിച്ച് നീങ്ങേണ്ടത് അടിയന്തരമാണെന്നും ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പറഞ്ഞു.

കെ.വി.ബിജു
ദേശീയ കോര്‍ഡിനേറ്റര്‍
മൊബൈല്‍: 98713 68252

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 79078 81125

Author