ഭിന്നശേഷിക്കാർക്കു സുഗമസഞ്ചാരം ഉറപ്പുവരുത്തി ബാരിയർഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റും

Spread the love

ഭിന്നശേഷിക്കാർക്കു തടസങ്ങളില്ലാതെ എവിടെയും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കി ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നവീന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ നിഷ് നൽകിയ സംഭാവന വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവരേയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയെന്നതാണു സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇതു മുൻനിർത്തി എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും ഭിന്നശേഷിക്കാർക്കുകൂടി പ്രാപ്യമാകുന്ന വിധത്തിലുമാണു വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കിയാലേ ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകൂ. 600 ഓളം കോടി രൂപയുടെ പദ്ധതികളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്നത്.സർക്കാർ പദ്ധതികളുടെ ഭാഗമായി നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നു നിഷ്‌കർഷിച്ചിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നതിനു ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്നതിനായി മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു നിരവധി പദ്ധതികളാണു കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ നടപ്പാക്കിവരുന്നത്.

Author