പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു : രമേശ് ചെന്നിത്തല

Spread the love

പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ(റ്റിഡിഎഫ് )67ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സംസ്ഥാനതല നേതൃയോഗം തമ്പാനൂര്‍ രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി ശമ്പളം കൊടുക്കുന്ന രീതിയിലേക്ക് കെഎസ്ആര്‍ടിസിയെ മാറ്റാന്‍ സാധിച്ചു.കെഎസ്ആര്‍ടിസി തകര്‍ത്തുകൊണ്ട് കെസ്വിഫ്റ്റ് കമ്പനിയെ പ്രോത്സാഹിപ്പിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. 2016 ലെ തെരഞ്ഞെടുപ്പില്‍ 4000 പുതിയ ബസുകള്‍ വാങ്ങുന്നതാണ് ഇടതു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 100 ബസ്സ് പോലും വാങ്ങാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2750 ബസ്സുകള്‍ വാങ്ങി. കെ സ്വിഫ്റ്റില്‍ സിപിഎം അനുഭാവികളെ തിരികി കയറ്റി പിന്‍വാതില്‍ നിയമനം നടത്തുകയാണ്.

ദീര്‍ഘകാലം ജോലി ചെയ്ത് 2600 ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചു വിട്ടു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലായിരം പേരെയാണ് സ്ഥിരപ്പെടുത്തിയത്. തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

5100 ഷെഡ്യൂള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നു. എല്‍ഡിഎഫ് ഭരണത്തിലത് 3200 ആയി ചുരുങ്ങി. പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കുകയാണ് ഇടതു സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സഹായിച്ച ഒരു പൊതുമേഖല സ്ഥാപനമാണ് കെഎസ്ആര്‍ടിസി.ജീവനക്കാര്‍ക്ക്

ശമ്പളം കൊടുത്തില്ലെങ്കില്‍ യുഡിഎഫ് അതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തും എന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. സിഐടിയുവിന് ഇരട്ടത്താപ്പ് നയം തൊഴിലാളികള്‍ തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രിക്കു മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുകയാണ് സിഐടിയുയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസിയോടുള്ള അവഗണന പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

റ്റിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ആര്‍.ശശിധരന്‍ സംസാരിച്ചു. ഡി. അജയകുമാര്‍ സ്വാഗതവും എം ഐ അലിയാര്‍ നന്ദിയും പറഞ്ഞു.
മെയ് 19ന്(ഇന്ന്) നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം രാവിലെ 10.30ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എംപി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,വിഎസ്.ശിവകുമാര്‍,പിസി വിഷ്ണുനാഥ് എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും.

 

Author