237 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി വാരി എനര്‍ജീസ്

കൊച്ചി: ഉയര്‍ന്ന ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ നിര്‍മിച്ച് വിതരണ ചെയ്യുന്നതിന് ആഭ്യന്തര വിപണിയില്‍ നിന്നും വിദേശത്തു നിന്നുമായി 237 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി സൗരോര്‍ജ വ്യവസായ രംഗത്തെ മുന്‍നിരക്കാരായ വാരി എനര്‍ജീസ്. 540, 600 വാട്ടേജ് ശേഷിയുള്ള ഉയര്‍ന്ന ക്ഷമതയുള്ള ബൈഫേഷ്യല്‍ സൗരോര്‍ പാനലുകളാണ് കമ്പനി നിര്‍മിച്ചു നല്‍കുക. ഇവ വാരിയുടെ സ്വന്തം ഉല്‍പ്പാദന കേന്ദ്രത്തില്‍ നിര്‍മ്മിക്കും. നിലവില്‍ കമ്പനിക്ക് 4 ഗിഗവാട്ട് പിവി സോളാര്‍ പാനല്‍ ഉല്‍പ്പാദന ശേഷിയുണ്ട്. ഈ വര്‍ഷം ഡിസംബറോടെ 5 ഗിഗവാട്ട് ശേഷി കൂടി വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 4 ഗിഗവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ ഉല്‍പ്പാദന കേന്ദ്രം 2023 മാര്‍ച്ചോടെ പ്രവര്‍ത്തന സജ്ജമാക്കാനാണ് പദ്ധതി.

കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ചേര്‍ന്നു പോകുന്ന ഈ പുതിയ ഓര്‍ഡറുകള്‍ വഴി 200 കോടി രൂപയുടെ വിദേശനാണ്യ വിനിമയം നടക്കുമെന്നും നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വാരി എനര്‍ജീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹിതേഷ് ദോഷി പറഞ്ഞു. ഈ ഉല്‍പ്പാദന ഓര്‍ഡറുകള്‍ തങ്ങള്‍ക്ക് വിപണി മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Report :  Asha Mahadevan (Account Executive)

Leave Comment