പത്തനംതിട്ട: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് രോഗപ്രതിരോധം, പ്രളയ പ്രതിരോധം, രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. 27ന് റാന്നി നിയോജക മണ്ഡലത്തില്‍ ശുചീകരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. പൊതുഇടങ്ങള്‍, വീടുകള്‍, നിരത്തുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കും. ഇതിന് വിവിധ വകുപ്പ് അധികൃതരും ജനപ്രതിനിധികളും മുന്‍കൈയെടുക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള റാന്നി വലിയ തോട്ടിലെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മൈനര്‍ ഇറിഗേഷന്‍ അധികൃതരോട് എംഎല്‍എ ആവശ്യപ്പെട്ടു.സ്കൂളുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണം. എല്ലാ വില്ലേജുകളിലും കണ്ട്രോള് റൂം തുറക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ബിമ്മരം, അറയാഞ്ഞിലിമണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ജനങ്ങളെ പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ മാറ്റി പാര്‍പ്പിക്കാനും ഇവര്‍ക്കായി ക്യാമ്പുകള്‍ ഇപ്പോഴേ കണ്ടെത്താനും നിര്‍ദേശിച്ചു.ഹോട്ടലുകളില്‍ മായം ചേര്‍ന്ന ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും എംഎല്‍എ നിര്‍ദേശം നല്കി. പമ്പ, മണിയാര്‍, കക്കാട്ടാര്‍ എന്നിവിടങ്ങളിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണം. മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്നത് നിക്ഷേപിക്കുന്നതിനുള്ള സ്ഥലം അതത് പഞ്ചായത്ത് കണ്ടെത്തി നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.