നിശാഗന്ധിയെ ഇളക്കിമറിച്ച് കനല്‍ ബാന്‍ഡും മാതാ കലാസമിതിയും

Spread the love

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിശാഗന്ധിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയത്തിന് മുന്നില്‍ കനല്‍ ബാന്‍ഡും മാതാ കലാസമിതി പേരാമ്പ്രയും അവതരിപ്പിച്ച കലാപരിപാടി ഹൃദ്യമായി. വൈകുന്നേരം ആറരക്ക് കനല്‍ ബാന്‍ഡിന്റെ നാടന്‍ പാട്ടും തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയുടെ 45 കലാകാരന്മാര്‍ മലയാള കാവ്യകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ദൃശ്യ – ശ്രവ്യ പരിപാടിയായ സര്‍ഗകേരളവുമാണ് ഇന്നലെ നിശാഗന്ധിയില്‍ അരങ്ങേറിയത്.
അന്തരിച്ച നാടന്‍പാട്ടുകലാകാരന്‍ ബാനര്‍ജി പടുത്തുയര്‍ത്തിയ കനല്‍ ബാന്‍ഡ് ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടിന്റെ തനിമ ചോരാതെ അവതരിപ്പിച്ചപ്പോള്‍ സദസ് ഒപ്പം നിറഞ്ഞാടി. ഒമ്പത് മണിക്ക് പരിപാടി അവസാനിക്കുമ്പോഴും കാണികളുടെ നിലക്കാത്ത കരഘോഷം മുഴങ്ങുന്നുണ്ടായിരുന്നു. ആദര്‍ശ് ചിറ്റാര്‍, ഉന്മേഷ് പൂങ്കാവ്, നവനീത് വലഞ്ചുഴി, സുജിത് ഓതറ, ശങ്കര്‍, അരുണ്‍, മനീഷ എന്നിവരായിരുന്നു ഗായകര്‍. തൊട്ടുപിന്നാലെ മലയാള കവിതയുടെ ദൃശ്യാവിഷ്‌കാരവുമായി ‘മാതാ കലാസമിതിയെത്തി. മലയാളത്തിന്റെ പ്രിയ കവിതകളെ മോഹിനിയാട്ടം, കര്‍ഷക നൃത്തം, നാടോടി നൃത്തം എന്നിവയുടെ അകമ്പടിയോടെ വേദിയിലെത്തിച്ചത് ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.
മേളയുടെ നാലാം ദിവസമായ ഇന്ന് (മെയ് 30) തിരുവനന്തപുരം നാട്യവേദ കോളേജ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറും.

Author