പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷയുടെ പാഠങ്ങള്‍ പകര്‍ന്ന് കനകക്കുന്നിലെ പൊലീസ് സ്റ്റാള്‍

Spread the love

പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍. സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി കനകക്കുന്നിലെ എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടികളിലൂടെയും സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മല്ലിക ദേവി, മിനി, ബിജിലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
ബാഗ് സ്‌നാച്ചിംഗ്, ചെയിന്‍ സ്‌നാച്ചിംഗ്, ലൈംഗിക ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വിവിധ ഭീഷണികളെ നേരിടാനുള്ള ലളിതമായ പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇവിടെ പരിശീലനം ലഭിക്കുന്നു. ആക്രമണങ്ങളുടെയും ആക്രമണകാരികളുടെയും സ്വഭാവം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമപരമായ വശങ്ങളെക്കുറിച്ചുള്ള അവബോധം, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പോലീസ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും ഇവിടെ സാധ്യമാണ്. ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്ത്രീസുരക്ഷക്ക് അത്യാവശ്യമാണെന്നും എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേരള പോലീസിന്റെ പവലിയന്‍ സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ പറഞ്ഞു.
പോലീസിന്റെ കായിക പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ചിന്‍ അപ് ബാര്‍, പുഷ് അപ് ബാര്‍, സ്‌കിപ്പിങ് റോപ്പ് എന്നിവയും പ്രദര്‍ശന വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു കൈനോക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Author