സംരംഭകത്വ ബോധവത്കരണ ശില്പശാല: കക്കോടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

വ്യവസായ വാണിജ്യ വകുപ്പും കക്കോടി ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന സംരംഭകത്വ ശില്പശാല വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശക്തമായ തൊഴിൽ നിയമങ്ങളും സുരക്ഷാ നിയമങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. മറ്റെല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന നമ്മുടെ സംസ്ഥാനം വ്യവസായത്തിൻ്റെ കാര്യത്തിലും പുതിയ പദ്ധതികൾ കൊണ്ടുവരികയാണ്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനും, ലിംഗഭേദമന്യേ ഓരോരുത്തർക്കും തൊഴിൽ ഉറപ്പാക്കാനും ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്പശാലയിൽ സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മലപ്പുറം ജില്ലാ വ്യവസായ വികസന ഓഫീസർ മുഹമ്മദ് നയീം, ചേളന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. സൽന തുടങ്ങിയവർ ക്ലാസെടുത്തു. ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് നിങ്ങൾക്കും സംരംഭകരാകാം എന്ന ശീർഷകത്തിൽ ശില്പശാല നടത്തുന്നത്.
പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താത്പര്യമുള്ളവരും ശില്പശാലയിൽ പങ്കെടുത്തു. ഇതിനെ തുടർന്ന് നടത്തുന്ന ലോൺ, സബ്സിഡി, ലൈസൻസ് മേളകളിലും ഇവർക്ക് പങ്കെടുക്കാം.

Leave Comment