മന്ത്രിക്ക് മുന്നിൽ അവർ എല്ലാം മറന്നു പാടി

കാനനഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ… മന്ത്രിയുടെ കൈവിരലുകൾ കോർത്തുപിടിച്ച് സരോജിനിയമ്മ വരികൾ ഓർത്തെടുത്തു പാടി. രണ്ടാം ബാല്യത്തിന്റെ നിഷ്‌കളങ്ക ഭാവം കലർത്തി പല ആവർത്തി പാടിയ വരികൾക്ക് പുഞ്ചിരിയോടെ കാതോർത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു അവരോട് ചേർന്ന് നിന്നു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ ‘വയോമിത്രം’ സോഫ്റ്റ്വെയർ ഉദ്ഘാടനത്തിന് ശേഷം വൃദ്ധ മന്ദിരത്തിലെ അന്തേവാസികളെ കാണാൻ എത്തിയതായിരുന്നു മന്ത്രി. അവരുടെ വിശേഷങ്ങൾ തിരക്കി മന്ത്രി അൽപസമയം ചെലവഴിച്ചാണ് മടങ്ങിയത്. കൂടെക്കൂടെ വരണേ എന്നായിരുന്നു പിരിയാൻ നേരം അമ്മമാർ ഒരേ സ്വരത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടത്.സാമൂഹികനീതി വകുപ്പിന്റെ വയോമിത്രം പദ്ധതി വഴി വയോജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കാൻ വയോമിത്രം സോഫ്റ്റ്വെയർ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിന് പുറമെ വീടുകളിലെത്തിയുള്ള പരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നു മന്ത്രി വ്യക്തമാക്കി. ഇതിനായി വയോജന പരിപാലന മേഖലയിൽ പരിശീലനം ലഭിച്ചവരെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും.മറവിരോഗം ഉള്ളവർക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഓട്ടിസം ബാധിച്ചവർക്ക് ഒരുമിച്ചു താമസിക്കാൻ കഴിയുന്ന സംവിധാനത്തെക്കുറിച്ചും വകുപ്പ് ആലോചിക്കുന്നുണ്ടെന്നു മന്ത്രി സൂചിപ്പിച്ചു.

Leave Comment