കലക്ടറേറ്റിലെ പരാതിപ്പെട്ടിയില്‍ അഞ്ച് പരാതികള്‍: തുടര്‍ നടപടിയ്ക്കായി കൈമാറി

അഴിമതി നിരോധന കമ്മിറ്റി മലപ്പുറം കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരാതികള്‍ പരിശോധിച്ചു. ആകെ അഞ്ച് പരാതികളാണ് ഇത്തവണ ( ജൂണ്‍ മൂന്നിന്) ലഭിച്ചത്. സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് ലഭിക്കാതെ മടങ്ങിപോകേണ്ടി വന്നവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന പരാതി ഉചിതമായ നടപടിയ്ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറി. എളമരത്തെ അനധികൃത കെട്ടിട നിര്‍മാണം, ആമയൂരില്‍ അഴുക്ക് ചാലില്‍ നിന്ന് മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത്, പത്തപ്പിരിയം സ്വദേശിയുടെ പരാതിയില്‍ എടവണ്ണ പോലീസ് നിയമനടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം, മണ്ണിടിച്ചില്‍ വീടിന് അപകട ഭീഷണി ഉള്‍പ്പെടെയുള്ള പരാതികളാണ് ഇന്നലെ (ജൂണ്‍ മൂന്നിന്) പരാതിപ്പെട്ടിയില്‍ നിന്ന് ലഭിച്ചത്. അനധികൃത കെട്ടിട നിര്‍മാണം, അഴുക്ക്ചാല്‍ സംബന്ധിച്ച പരാതി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും പൊതുമരാമത്ത് അധികൃതര്‍ക്കും കൈമാറി. പോലീസ് നിയമനടപടി സ്വീകരിച്ചില്ലെന്ന പരാതിയില്‍ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിയ്ക്ക് വിട്ടു. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും അപകടകരമായ സാഹചര്യമാണെങ്കില്‍ കുടുംബത്തെ മാറ്റിപാര്‍പ്പിക്കാനും ദുരന്തനിവാര അതോറിറ്റിയോട് നിര്‍ദേശിച്ചു. എ.ഡി.എം എന്‍.എം മെഹറലി, വിജിലന്‍സ് ജില്ലാ സമിതിയംഗം റിട്ട: ജഡ്ജ് പി നാരായണന്‍കുട്ടി മോനോന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ അലി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ (ജൂണ്‍ മൂന്നിന് ) പരാതിപ്പെട്ടി തുറന്നത്. പരാതിപ്പെട്ടിയില്‍ നിന്ന് മാര്‍ച്ചില്‍ ലഭിച്ച 54 പരാതികളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ അഴിമതി നിരോധന സമിതി ആവശ്യപ്പെട്ടു.

Leave Comment