‘സഹിതം’ മെന്ററിംഗ് പോർട്ടൽ ഉദ്ഘാടനം 7ന്

Spread the love

അധ്യാപകർ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റർമാരായി പ്രവർത്തിക്കുന്ന ‘സഹിതം’ പദ്ധതിയുടെ മെന്ററിംഗ് പോർട്ടൽ 7ന് വൈകിട്ട് 3ന് കൈറ്റ് വിക്‌ടേഴ്‌സ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ അക്കാദമിക മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിലാണ് സഹിതം മെന്ററിംഗ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. എസ്.സി.ഇ.ആർ.ടി.യുടെ അക്കാദമിക പിന്തുണയോടെ കൈറ്റാണ് ‘സഹിതം’ പോർട്ടൽ തയ്യാറാക്കിയത്.
ഓരോ സ്‌കൂൾ വിദ്യാർഥിയുടേയും സാമൂഹിക ശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകർക്ക് സഹിതത്തിലൂടെ സാധിക്കും. കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകളും നിരീക്ഷിച്ച് കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പ്രവർത്തനങ്ങൾ അധ്യാപകർക്ക് ആസൂത്രണം ചെയ്യാനാകും. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ പ്രൊഫൈലുകൾ തയ്യാറാക്കാൻ സഹിതത്തിൽ സൗകര്യമുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. തുടങ്ങിയവർ സംബന്ധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഓൺലൈനായി ലഭ്യമാക്കാൻ സഹിതം പോർട്ടലിൽ സംവിധാനം ഉണ്ടാകും.

Author