കെ.സി.സി.എന്‍.എ മുന്‍കാല പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കുന്നു

Spread the love

ചിക്കാഗോ: വടക്കേ അമേരിക്കയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയിലും ഏകോപനത്തിലും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച്, സമുദായാംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് കാരണഭൂതമായ കെ.സി.സി.എന്‍.എ. എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും 1988 ല്‍ കെ.സി.സി.എന്‍.എ. രൂപീകൃതമായതുമുതല്‍ ഈ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുഴുവന്‍ വ്യക്തികളെയും കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍വച്ച് ആദരിക്കുന്നു.

2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വെച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനോടനുബന്ധിച്ചാണ് കെ.സി.സി.എന്‍.എ.യുടെ മുന്‍കാല പ്രസിഡന്റുമാരെയും, സെക്രട്ടറിമാരെയും അതുപോലെ തന്നെ കെ.സി.സി.എന്‍.എ.യുടെ ഉത്ഭവത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ വ്യക്തികളെയും ആദരിക്കുന്നത്. വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ഉജ്ജ്വലസംഭാവന നല്‍കി, കെ.സി.സി.എന്‍.എ.യുടെ മുന്‍കാല നേതൃത്വം അവരുടെ സമയവും സമ്പത്തും ചിലവഴിച്ച് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചതിനാലാണ് വടക്കേ അമേരിക്കയില്‍ ക്‌നാനായ സമുദായാംഗങ്ങള്‍ക്ക് എല്ലാ തലങ്ങളിലും ഉന്നതനിലയില്‍ എത്തുവാന്‍ സാധിച്ചതെന്നും ഇവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും പുതുതലമുറയ്ക്ക് ഇവരെ പരിചയപ്പെടുത്തുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

മുന്‍കാല നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് വടക്കേ അമേരിക്കയില്‍ 21 ക്‌നാനായ സംഘടനകള്‍ സ്ഥാപിതമായതും, തുടര്‍ന്ന് ഇവയെ ഏകോപിപ്പിച്ച് കെ.സി.സി.എന്‍.എ. എന്ന മാതൃസംഘടനയുടെ കീഴില്‍ ഇവ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതെന്നും കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണിച്ചന്‍ കുസുമാലയം അഭിപ്രായപ്പെട്ടു. കെ.സി.സി.എന്‍.എ.യെ ഇക്കാലമത്രയും നയിച്ച നേതൃത്വത്തിന്റെ വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുവാനും ആദരിക്കുവാനും 2022 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ വേദി തെരഞ്ഞെടുത്തതില്‍ അഭിമാനം കൊള്ളുന്നു എന്നും ഈ മഹത്‌സംരംഭത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

Author