ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍

Spread the love

സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.സ്വര്‍ണ്ണക്കടത്ത് കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് ശ്രമിച്ചത്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിലും അത് അന്വേഷിക്കുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ ഗുരുതര വീഴ്ചവരുത്തി. സുതാര്യമായ അന്വേഷണം ഈ കേസില്‍ നടന്നില്ലെന്നും ഹസ്സന്‍ ആരോപിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പിണറായി വിജയനും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നവരെ മുഖ്യമന്ത്രി പദവിയില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കണം.രാഷ്ട്രീയ ധാര്‍മ്മികതയും മൂല്യങ്ങളും ജനാധിപത്യ ബോധവും കൈമോശം വന്നില്ലെങ്കില്‍ തന്റേടത്തോടെ അത്തരം ഒരു തീരുമാനം എടുക്കാനുള്ള വിവേകം മുഖ്യമന്ത്രി കാട്ടണം.

സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്റെ മുന്‍പില്‍ ബിജുരാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ സിപിഎം സെക്രട്ടറിയിരുന്നു ഇന്നത്തെ മുഖ്യമന്ത്രി. അന്ന് ആ കേസിലെ പ്രതികളുടെ മൊഴിയും ഉയര്‍ത്തിപ്പിടിച്ചാണ് ഇടതു നേതാക്കള്‍ യുഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചത്. അന്ന് ധാര്‍മിക രോഷം പൂണ്ട് വ്യക്തിഹത്യ നടത്തിയ സിപിഎം സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്ക് ഇപ്പോള്‍ പുറത്ത് വന്നിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ഹസ്സന്‍ പറഞ്ഞു.

Author