മതേതരത്വ മഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വമഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആഗോള ഭീകരതയെ നേരിടുവാന്‍ ആഭ്യന്തര ഭീകരതയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ആഗോളഭീകരപ്രസ്ഥാനങ്ങളുടെ പതിപ്പുകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെയും ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെയും അടിവേരുകള്‍ കേരളത്തിലെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കാശ്മീരിനുശേഷം കേരളം ഭീകരവാദത്തിന്റെ ഇടത്താവളമായി മാറുന്നുവെന്ന മുന്നറിയിപ്പ് ശരിയെന്ന് തെളിയിക്കുന്നതാണ് ഓരോ ആനുകാലിക സംഭവങ്ങളും റിപ്പോര്‍ട്ടുകളും. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍, ജനങ്ങളുടെ സംരക്ഷണവും രാജ്യത്ത് സമാധാനവും ഉറപ്പുവരുത്തേണ്ട ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നത് ഏറെ ദുഃഖകരമാണ്.

മതേതരത്വം നിലനിര്‍ത്തി കാത്തുപരിപാലിക്കുവാന്‍ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും മതരഹിതര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇത് ഭരണഘടനാപരമായ പൗരദൗത്യമാണ്. എല്ലാ മതസമൂഹത്തിനും ഇന്ത്യയില്‍ തുല്യ അവകാശവും തുല്യനീതിയും നല്‍കുന്ന ഭരണഘടനയുടെ അര്‍ത്ഥം ആഴത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ഭാരതസമൂഹത്തിനാകണം. മതത്തില്‍ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ഇന്ത്യന്‍ പൗരന് അവകാശമുണ്ട്. സമാധാനവും മാനിഷാദയും പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുടെ പേരില്‍ ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഭീകരവാദക്രൂരത രാജ്യത്തുടനീളം ശക്തിപ്പെടുന്നത് പൊതുസമൂഹം ശക്തമായി എതിര്‍ക്കണം. സംഘടിതശക്തിയായി ഭീതിവിതച്ച് അഴിഞ്ഞാടുന്ന ഭീകരപ്രസ്ഥാനങ്ങളുടെ മുമ്പില്‍ ഭരണസംവിധാനങ്ങളും നിഷ്‌ക്രിയരാകുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നു. വിവിധ ഭരണസംവിധാനങ്ങളിലേയ്ക്കും ഭീകരവാദശക്തികളുടെ വ്യത്യസ്ത രൂപങ്ങള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന് ആനുകാലികസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തിനെതിരെ ദേശീയതലത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയതല പരിപാടികളില്‍ വിവിധ ബഹുജനപ്രസ്ഥാനങ്ങളും പങ്കുചേരും. ഓഗസ്റ്റ് 15ന് രാജ്യത്തുടനീളം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദവിരുദ്ധ സമാധാന പ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ ബഹുജനപ്രസ്ഥാനങ്ങളും പങ്കുചേരുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Leave Comment