ചിക്കാഗോ: ജെയിംസ് ഇല്ലിക്കൻ നേതൃത്വം നൽകുന്ന ഫോമാ ഇലക്ഷൻ പാനലിന്റെ അമേരിക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടന പ്രചാരണത്തിന് ചിക്കാഗോയിൽ പ്രൗഡ്ഢഗംഭീര തുടക്കം കുറിച്ചു. വാക്കുകളേക്കാൾ ഉപരി പ്രവർത്തനത്തിനും വെറും സൗഹൃദത്തിനേക്കാൾ ഉപരി കുടുംബ ബന്ധത്തിനും മുന്തൂക്കം നൽകുന്ന “ഫോമാ ഫാമിലി ടീമിന്” ചിക്കാഗോയിലെ എല്ലാ മലയാളീ സംഘടനകളുടെയും പരിപൂർണ്ണ പിന്തുണ ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് ടീം അംഗങ്ങൾ. സെപ്തംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകണിൽ നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പോഷക സംഘടനകളിൽ നിന്നും പ്രതിനിധികളുടെ സാന്നിധ്യവും ഉറപ്പാക്കുന്നതിന് പ്രചാരണ വേള ഉപകാരപ്രദമായി എന്ന് പ്രസിഡണ്ട് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൻ അറിയിച്ചു.
ഫോമാ (FOMAA) എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കയുടെ 2022-24 വർഷത്തേക്കുള്ള ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടത്തപ്പെടുന്ന കാൻകൺ കൺവെൻഷനിൽ വച്ച് നടക്കുന്നതാണ്. 1893-ൽ സ്വാമി വിവേകാനന്ദൻ “അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ” എന്ന് അഭിസംബോധന ചെയ്തതിന്റെ ചരിത്രം ഉറങ്ങുന്ന അമേരിക്കയിലെ “വിൻഡി സിറ്റി” എന്ന ചിക്കാഗോയുടെ മണ്ണിൽ നിന്നും വീണ്ടും ഫോമായുടെ സാരഥികളാകാൻ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് “ചിക്കാഗോയിലെ സഹോദരീ സഹോദരന്മാരെ” എന്ന് അഭിസംബോധന ചെയ്യാൻ സാധിക്കുന്നത് “ഫോമാ ഫാമിലി ടീം” ആയതുകൊണ്ടാണ് എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂർ പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാൽക്കലോടി, ട്രെഷറർ സ്ഥാനാർഥി ജോഫ്‌റിൻ ജോസ് എന്നിവരും ജെയിംസ് ഇല്ലിക്കനോടും വിനോദ് കൊണ്ടൂരിനോടുമൊപ്പം ചടങ്ങിൽ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോക്ക് ന്യൂയോർക്കിലെ അത്യാവശ്യ ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നതിനാൽ ഈ ടീം അംഗങ്ങളോടൊപ്പം പങ്കെടുക്കാൻ സാധിച്ചില്ല.
ചിക്കാഗോയിലും പരിസരത്തും നിന്നുള്ള വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കൾ പങ്കെടുത്തിരുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷൻ, ഇല്ലിനോയി മലയാളി അസ്സോസിയേഷൻ, കേരള അസ്സോസിയേഷൻ ഓഫ് ചിക്കാഗോ, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ, കേരളൈറ്റ് അമേരിക്കൻ അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു അംഗങ്ങൾ പങ്കെടുത്തു .
ഫോമാ സെൻട്രൽ റീജിയൻ ആർ. വി. പി. ജോൺ പാട്ടപതി, ഫോമാ നാഷണൽ ജോയിൻ്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആൻ്റോ കവലയ്ക്കൽ, ഫോമാ അഡ്വൈസറി വൈസ് ചെയർ പീറ്റർ കുളങ്ങര, ഫോമാ യൂത്ത് റെപ്പ് കാൽവിൻ കവലയ്ക്കൽ, ഫോമാ സീനിയർ സിറ്റിസൺ ഫോറം ചെയർമാൻ ജോർജ് മാത്യൂ (ബാബു), ഫോമാ മുൻ പ്രസിഡൻ്റ് ബെന്നി വാച്ചാച്ചിറ (2016- 18), മുൻ ട്രഷറർ ജോസി കുരിശിങ്കൽ (2016-18), ഫോമാ മുൻ വൈസ് പ്രസിഡൻ്റ് (2010-12) സ്റ്റാൻലി കളരിക്കമുറി, മുൻ കൺവഷൻ ചെയർമാൻ സണ്ണി വള്ളിക്കളം (2016-18) തുടങ്ങിയവരോടൊപ്പം, ചിക്കാഗോ മലയാളി അസ്സോസിയേഷനിൽ നിന്നും ഷാജി എടാട്ട് (മുൻ എൻജിനീയർസ് അസ്സോസിയേഷൻ പ്രസിഡൻ്റ്), രഞ്ജൻ എബ്രഹാം, തോമസ് മാത്യു, ജിതേഷ് ചുങ്കത്ത്, ഇല്ലിനോയി മലയാളി അസ്സോസിയേഷനിൽ നിന്നും സിറിയക്ക് കൂവക്കാട്ടിൽ (പ്രസിഡൻ്റ് കെ.സി.സി.എൻ. എ.), സിബു കുളങ്ങര (പ്രസിഡൻ്റ്), ജോയി ഇണ്ടിക്കുഴി (വൈസ് പ്രസിഡൻ്റ്), രാജൻ തലവടി; മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷനിൽ നിന്നും പോൾസൺ കുളങ്ങര, ബിനു കൈതകതൊട്ടിയിൽ, കേരളാ അസ്സോസിയേഷൻ ഓഫ് ചിക്കാഗോയിൽ നിന്നും സിബി പാത്തിക്കൽ; യുണൈറ്റഡ് മലയാളി അസ്സോസിയേഷനിൽ നിന്നും ജോയ് കോട്ടൂർ, സൈമൺ പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
സംഘടനയുടെ ഉയർച്ചക്കായി, അംഗ സംഘടനകളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് കൊണ്ട്, അതുൾപ്പെടുത്തി കൊണ്ടൊരു പ്രകടന പത്രികയായിരിക്കും തങ്ങൾ കൊണ്ടു വരുന്നതെന്നും, ഒപ്പം വിവിധ റീജിയണുകളിൽ വുമൺസ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഫോമാ പ്രസിഡൻ്റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ പറഞ്ഞു.
മലയാളി അംഗ സംഘടനകളുമായി ചേർന്ന് ഒരു മലയാളി നെറ്റ് വർക്ക് ഉണ്ടാക്കാൻ ശ്രമിക്കും, ഒപ്പം വിവിധ മലയാളി പ്രഫഷണൽ സംഘടനകളുമായി ചേർന്ന്, അവരുടെ സേവനങ്ങൾ, പ്രത്യേകിച്ച് നോർത്ത് അമേരിക്കൻ മലയാളികൾക്ക് നൽകുവാൻ ഒരു കോമൺ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ശ്രമിക്കും എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ പറഞ്ഞു.
അമേരിക്കൻ മലയാളി കുടുംബങ്ങളിൽ, പുതു തലമുറയെ വളർത്തിയെടുക്കുന്ന മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ബോധവൽക്കരണത്തിലൂടെ പരിഹരിക്കാൻ, റീജൻ തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും എന്ന് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ സിജിൽ പാലക്കലോടി പറഞ്ഞു. തുടർന്ന് വിവിധ സംഘടനാ പ്രതിനിധികൾ ഫോമാ 2022-2024 കാലഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി സംസാരിച്ചു.
പരിപാടിയുടെ എം.സി. ജോൺസൺ കണ്ണൂക്കാടനായിരുന്നു. സണ്ണി വള്ളിക്കളം കൃതജ്ഞതയും അറിയിച്ചു, സ്നേഹവിരുന്നോടു കൂടി പരിപാടികൾ അവസാനിച്ചു.