തുണി ഉരിയുന്ന ഉന്നതവിദ്യാഭ്യാസം : ജെയിംസ് കൂടല്‍

നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളുടെ ഉൾവസ്ത്രം അഴിപ്പിച്ച് മേശപ്പുറത്ത് കൂട്ടിയിട്ട സംഭവം സാംസ്‌കാരികതയുടെ വീമ്പിളക്കുന്ന പൊതുസമൂഹത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. പരാതികളും നടപടികളും ഉണ്ടാകുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ചർച്ചകളും നിർദേശങ്ങളും ഉണ്ടാകേണ്ടതുണ്ട്. കൊല്ലം ആയൂർ മാർത്തോമാ കോളേജിൽ നീറ്റ് പരീക്ഷ എഴുതിയ നൂറോളം വിദ്യാർത്ഥികളാണ് അപമാനിതരായി പരീക്ഷ എഴുതേണ്ടിവന്നത്. കോപ്പിയടി തടയുക എന്ന ലക്ഷ്യത്താേടെ പരീക്ഷയ്ക്ക് മുൻപായി നടത്തിയ ദേഹപരിശോധനയാണ് കിരാതവും പ്രാകൃതവുമായ ചെയ്തിയായി മാറിയത്. നീറ്റ് പരീക്ഷയ്ക്കായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകാറുണ്ട്. ഡിജിറ്റൽ കോപ്പിയടി തടയുന്നതിനായാണ് പ്രധാനമായും വിപുലമായ തരത്തിൽ ദേഹപരിശോധന നടത്തുന്നത്. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിശോധനകൾ നടത്തുന്നതും. പരിശോധനയിൽ വസ്ത്രങ്ങളിൽ ലോഹവസ്തുക്കളുടെ സാമീപ്യം ഉണ്ടായാൽ അത് ഒഴിവാക്കാനും ആവശ്യപ്പെടാറുണ്ട്. ഹൈഹിൽ ചെരിപ്പ്, ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും ചെരുപ്പും വരെ ഏതുതരത്തിൽ ഉപയോഗിക്കണം എന്നുവരെ വ്യക്തമായ മാർഗനിർദേശങ്ങളും പുറപ്പെടുവിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച നടന്ന പരീക്ഷയിൽ ആയുർ മാർത്തോമാ കോളേജിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം തന്നെ ആദ്യം നടത്തണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചുമതലപ്പെടുത്തിയ സ്വകാര്യസ്ഥാപനമായിരുന്നു വിദ്യാർത്ഥികളെ പരിശോധന നടത്താൻ നിയോഗിക്കപ്പെട്ടത്. ഇവർ ഈ ചുമതല പ്രാദേശികമായി മറ്റാരെയോ ഏൽപ്പിച്ചു. അവിടെ തുടങ്ങിയ അറിവില്ലായ്മയും മണ്ടത്തരങ്ങളുമാണ് നിരവധി കുട്ടികളുടെ മാനത്തിനും ഭാവിക്കും മേൽ കറുത്തപ്പുകയായി പടർന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായി. പരിശോധകർ ഇത് എന്തോ ഗുരുതരമായ കണ്ടെത്തലായി കരുതി വിദ്യാർത്ഥികളെ മാറ്റി നിറുത്തി. ഉൾവസ്ത്രത്തിലെ ഹുക്കുകളും ലോഹ ബട്ടൻസുകളും പരീക്ഷയ്ക്ക് വിരുദ്ധമാണെന്നുള്ള മണ്ടനറിവ് വസ്ത്രങ്ങൾ ഊരിപ്പിക്കുക എന്ന ആഭാസകരമായ നടപടിയിലേക്ക് നീളുകയായിരുന്നു. അമ്മയുടെ മറപറ്റിയും ഷാളിന്റെ പിന്നിൽ ഒളിച്ചുനിന്നുമാണ് പലരും വസ്ത്രം നീക്കിയതെന്നുള്ള വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാകുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിൽ ഒരിക്കലും സംഭവിച്ചു കൂടാത്ത തരത്തിലുള്ള കാര്യങ്ങൾ. രാജ്യത്തെ പതിനെട്ട് ലക്ഷം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതിയതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഒരു ലക്ഷത്തിലധികം പേർ കേരളത്തിൽ നിന്ന് വരും. രാജ്യത്ത് മറ്റെങ്ങും കേൾക്കാത്ത ആഭാസത്തരമാണ് വിദ്യാഭ്യാസത്തിലും സാംസ്‌കാരികതയിലും മുന്നിലെന്ന് വീമ്പിളക്കുന്ന മലയാളിയുടെ തട്ടകത്തിൽ ഉണ്ടായതെന്നുള്ളത് വലിയ നാണക്കേട് തന്നെയാണ്. വിദ്യാർത്ഥികളെ പരിശോധിക്കാൻ ബേക്കറി ജീവനക്കാരിവരെ ഉണ്ടായിരുന്നുവെന്നതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മറുപടി പറയേണ്ടതായിട്ടുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വലിയ സ്വപ്‌നങ്ങളുമായി പരിക്ഷാഹാളിൽ എത്തിയ വിദ്യാർത്ഥിനികൾ അപമാനത്താൽ വിവസ്ത്രരായപ്പോൾ നിശബ്ദരാകാനെ അവർക്ക് കഴിഞ്ഞുള്ളു. ഉൾവസ്ത്രം നീക്കിയില്ലെങ്കിൽ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കുമോയെന്ന ഭയാശങ്കയായിരുന്നു അവർക്ക്. മുടി മുന്നിലേക്ക് ഇട്ട് നഗ്‌നത മറച്ചുകൊണ്ട് ആൺകുട്ടികൾക്കിടയിൽ ഇരുന്ന് പരീക്ഷ എഴുതേണ്ടിവന്ന മകൾക്കുണ്ടായ ദുര്യോഗം ഒരു പിതാവ് അറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പരീക്ഷാപീഡനം നാട് അറിയുന്നത്. നഗ്‌നതമറയ്ക്കാൻ പാടുപെട്ട് പരീക്ഷ എഴുതേണ്ടിവന്ന ഹതഭാഗ്യർ നിശബ്ദരായി മടങ്ങിയപ്പോൾ ചോദ്യം ചെയ്യലുകൾ പോലും മാർത്തോമാ കോളേജിന്റെ ഹാളിൽ ഉണ്ടായില്ലായെന്നത് ആധുനികതയുടെ പ്രതികരണബോധത്തിന്റെ നഷ്ടമാണ് സൂചിപ്പിക്കുന്നത്. 2017 ൽ കണ്ണൂരിൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ അന്ന് പരീക്ഷാർത്ഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. അല്ലെങ്കിൽ അന്നേ ഇത്തരം ആഭാസങ്ങൾ നമ്മുടെ മുന്നിൽ ഉണ്ടായേനെ. ഒരു യോഗ്യതയും ഇല്ലാത്തവർ നിരീക്ഷകരും പരിശോധകരുമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്തുമ്പോൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈക്കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് തയ്യാറാകണം. ആദ്യം ഇതൊരു വിദ്യാഭ്യാസ പ്രവർത്തനം ആണെന്നുള്ള ബോധമാണ് ഉണ്ടാകേണ്ടത്. ഏത് മേഖലയായാലും പ്രശ്‌നങ്ങളും പുഴുക്കുത്തലുകളും ഉണ്ടാകാം. തന്മയത്വത്തോടെ അത് പരിഹരിക്കുന്നതിലാണ് വിജയം. ഇത്തവണയും നീറ്റ് പരീക്ഷയിലെ കോപ്പിയടി നേരിടാൻ രാജ്യമാകെ സന്നാഹം ഒരുക്കിയിട്ടും രണ്ടിടത്ത് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആൾമാറാട്ടം നടത്തി പരീക്ഷയെ നേരിടാനായിരുന്നു ശ്രമം. ഇത്തരത്തിലുളള കബളിപ്പിക്കൽ തുടരുമ്പോൾ ആണ് രണ്ടും മൂന്നും വർഷം പഠിച്ചിട്ട് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ മാനസികമായി തകർക്കുന്നത്. ഇതിനാെക്കെ സമൂലമായ മാറ്റം ആണ് ആവശ്യം. നമ്മുടെ രാഷ്ട്രീയ സാമൂഹിക ചിന്തകൾ അത്തരത്തിലേക്ക് വളരേണ്ടതുണ്ട്.

ജെയിംസ് കൂടല്‍
ചെയർമാൻ
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
യു എസ് എ

Leave Comment