തിരിച്ചുവരവിന് ചിന്തന്‍ ശിബിരം വേദിയാകും.
ഒരു നൂറ്റാണ്ട് മുന്‍പ് 1885 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും രുപീകരിക്കുന്നതില്‍ പ്രഥമവും സുപ്രധാനവുമായ പങ്ക് വഹിച്ച ഐതിഹാസികമായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല.
ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ച നിരവധി പ്രമേയങ്ങളും ചര്‍ച്ചകളും തീരുമാനങ്ങളും ഉരുത്തിരിഞ്ഞ സമ്മേളനങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോണ്‍ഗ്രസ്സിന്റെ ചരിത്രം.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ നിന്ന് ഇന്ത്യയെക്കുറിച്ച് കോണ്‍ഗ്രസ്സ് പഠിച്ച പാഠങ്ങളാണ് ഇന്ത്യയുടെ ഭരണഘടനയുടെ സത്ത.ഈ രാജ്യം നൂറ്റാണ്ടുകളോളം ജനാധിപത്യക്രമത്തില്‍ നിലനില്‍ക്കണമെന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ തീവ്രമായ ആഗ്രഹമാണ് ഭരണഘടനയുടെ അടിത്തറ.
അയല്‍ രാജ്യമായ ശ്രീലങ്കയില്‍ സംഭവിച്ചത് പോലെയുള്ള രാഷ്ട്രീയ-സാമ്പത്തിക ദുരന്തം കഴിഞ്ഞ 75 വര്‍ഷക്കാലവും നമ്മുടെ രാഷ്ട്ര ഭൂമികയില്‍ ഇല്ലാതിരുന്നതില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് രാഷ്ട്രതന്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നുണ്ട്..കോണ്ഗ്രസ് നിര്‍മിച്ചു വളര്‍ത്തിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ ആണ് ഇന്ത്യയുടെ സാമ്പത്തികാടി ത്തറ ഭദ്രമാക്കിയത്.ബി ജെ പി ഉണ്ടാക്കി ബി ജെ പി വിറ്റ ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ പേര് പറയാന്‍ സംഘപരിവാര്‍ ബുദ്ധിജീവികള്‍ക്കുപോലും സാധിക്കില്ല.
1947 ല്‍ ബ്രിട്ടീഷുകാര്‍ ചവച്ച് തുപ്പി ഇന്ത്യക്കാര്‍ക്ക് കൈമാറിയ ഇന്ത്യയുടെ ഭൂപടം ചരിത്ര വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഓരോ ഇന്ത്യക്കാരനും പഠിക്കേണ്ടതുണ്ട്. കാശ്മീരും കേരളവും ഉള്‍പ്പെടെ ഇന്ന് നമ്മോടൊപ്പമുള്ള മിക്ക പ്രദേശങ്ങളും അന്ന് ആ ഭൂപടത്തിലില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യമേ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ, ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍. എസ്. എസിനെ നിരോധിച്ച ആ കാലത്താണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 1950 ഓടെ ഇന്ത്യയുടെ ഭൂപടം ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്.
വിഭജനത്തിന്റെ മുറിപ്പാടുകളും അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ആകുലതകളും രാഷ്ട്രപിതാവിന്റെ വധവും ഉള്‍പ്പെടെ അഭിശപ്തമായ ആ കാലത്ത് നിന്നും പതുക്കെ പതുക്കെ വികസനത്തിന്റെ വെളിച്ചം ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കെത്തിച്ചതും കോണ്‍ഗ്രസ്സാണ്.
പഞ്ചവത്സര പദ്ധതികളിലൂടെ ഹരിതവിപ്ലവവും ധവളവിപ്ലവവും ഒടുവില്‍ തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും വരെ എണ്ണിയാലൊടുങ്ങാത്ത വികസന- ജനനന്മാ പദ്ധതികള്‍ക്ക് കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ രൂപം നല്‍കിയിട്ടുണ്ട്.ഇതിനൊക്കെ അടിത്തറയായതു കോണ്‍ഗ്രസിന്റെ വിവിധ സമ്മേളനങ്ങള്‍ കൂടിയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന എത്രയോ പൊതുമേഖലാ സ്ഥാപനങ്ങളാണ് നാം നിര്‍മ്മിച്ചത്.അത് രാഷ്ട്ര നിര്‍മ്മാണത്തില്‍ വഹിച്ച പങ്ക് അത്ഭുതാര്‍ഹമാണ്.
ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ വെച്ച തൈകളാണ് ഈ ആപത്തു കാലത്ത് ഒരു പരിധിവരെ നമ്മെ താങ്ങി നിര്‍ത്തുന്നത്.
നിരവധി മതങ്ങള്‍ പിറന്ന് വീണ മണ്ണാണ് നമ്മുടേത്.ഇവിടേക്ക് കടന്നു വന്ന മതങ്ങളും നിരവധിയാണ്. പതിനായിരത്തിലേറെ പ്രാദേശിക ഭാഷകളുണ്ട് നമുക്ക്.ഈ വൈവിധ്യങ്ങള്‍ക്കിടയിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇന്ത്യാക്കാരെ ഒരു മാലയില്‍ കോര്‍ത്ത പുഷ്പം പോലെ ഒന്നിച്ച് ഒറ്റമനസ്സോടെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് കോണ്‍ഗ്രസ്സാണ്.
എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ അടിസ്ഥാന മതേതര ജനാധിപത്യ സ്വത്വം പോലും കാറ്റില്‍ പറത്തി ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഛായയുള്ള ഭരണക്രമം അരങ്ങു വാഴുന്നതാണ് നാം കാണുന്നത്.ദലിതരുടേയും അവശരുടേയും നേര്‍ക്ക് നടക്കുന്ന ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ലാതായി.
വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നു പോലും ബി.ജെ.പി സര്‍ക്കാറുകള്‍ ഉണ്ടാക്കിയതല്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂപയുടെ മൂല്യവും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികള്‍ ഏറ്റുവാങ്ങുകയാണ്.നമ്മുടെ വീട്ടിലെ അവശ്യവസ്തുവായ പാചകഗ്യാസിന്റെ വില 1100 രൂപ കടന്നിരിക്കുകയാണ്
.ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമാകാത്ത ഏതെങ്കിലും നേതാവ് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ടോ എന്ന് അവര്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം.ഈ. ഡി കുരുക്കില്‍ പെടുത്തിയാല്‍ തോല്‍പ്പിച്ചു തീര്‍ക്കാനാവാത്ത കരുത്തു കോണ്‍ഗ്രെസ്സിനുണ്ടെന്നു ബിജെപി ക്കാര്‍ക്ക് വരും നാളുകളില്‍ മനസ്സിലാവും.
ഭരണത്തുടര്‍ച്ചയില്‍ അഹങ്കരിക്കുകയും ആര്‍മാദിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന അനീതിയും കൊള്ളരുതായ്മയും നാം ഓരോ ദിനവും അനുഭവിക്കുകയാണ്. നാല് ലക്ഷം കോടി കടന്ന കേരളത്തിന്റെ കടക്കണക്ക് വിരല്‍ ചൂണ്ടുന്നത് വലിയ വിപത്തിലേക്കാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ കള്ളക്കടത്ത് കേസില്‍ പത്ത് മാസത്തോളം ജയിലില്‍ കിടന്നത് നമ്മുടെ മുന്‍പിലെ യാഥാര്‍ത്ഥ്യമാണ്. ആ ഒരൊറ്റ കാര്യം മതി മുഖ്യ മന്ത്രി ആസ്ഥാനത്ത് തുടരാതിരിക്കാന്‍ എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല കുറ്റവാളിയായി ജയിലില്‍ കിടന്ന ഉദ്യോഗസ്ഥനെ യാതൊരു മടിയുമില്ലാതെ വീണ്ടും തന്ത്രപ്രധാന സ്ഥാനത്ത് നിയമിച്ചിരിക്കുകയുമാണ്
.കേരളത്തിന്റെ സമസ്ത മേഖലകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളും അജണ്ടകളുമാണ് നടപ്പിലാവുന്നത്. ശക്തനായ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ 41 പേരടങ്ങുന്ന പ്രതിപക്ഷ മെമ്പര്‍മാര്‍ ഇതിനൊക്കെയെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നിയമസഭയിലുയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് കേരളത്തിന്റെ തെരുവുകളില്‍ ഇതുവരെ ദര്‍ശിക്കാത്ത രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുമാണ്.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ വീക്ഷണവും വികസന സങ്കല്‍പ്പവും സംഘടനാ പദ്ധതികളും തുറന്ന ചര്‍ച്ചക്ക് വേദിയാക്കാനും നൂതന ആശയങ്ങള്‍ സ്വാംശീകരിക്കാനും വേണ്ടി കോഴിക്കോടിന്റെ മണ്ണില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്.
കോണ്‍ഗ്രസ്സ് ഇന്ന് ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാര്‍ത്ഥത്തില്‍ അത് കോണ്‍ഗ്രസ്സിന്റെ മാത്രം പ്രതിസന്ധിയല്ല. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവുംഒപ്പം ഒരു രാജ്യത്തിലെ ജനതയും നിലനില്‍പ്പിനായി പൊരുതുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
ഉദയ്പൂറില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ചിന്തന്‍ ശിബിറിന്റെ തുടര്‍ച്ചയാണ് ചരിത്രപ്രസിദ്ധമായ കോഴിക്കോട് നടക്കുന്നത്. കോണ്‍ഗ്രസ്സും കോഴിക്കോടും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.നിരവധി ദേശീയ സമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന മണ്ണ്. ഖിലാഫത്ത് സമരത്തിനായി ഗാന്ധിജി ആദ്യമായി കേരളത്തിലിറങ്ങിയ ദേശം. കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം ആരംഭിച്ച തീരം.കെ.പി കേശവമേനോന്‍,മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് എ.വി കുട്ടിമാളു അമ്മ തുടങ്ങി യ മഹാനുഭാവരായ കോണ്‍ഗ്രസ്സ് നേതാക്കളുടെ നാട്.
ഈ സമരഭൂമിയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സ് പുതിയ ചിന്താപദ്ധതിക്ക് രൂപം നല്‍കുന്നതിലും തിരിച്ചു വരവിന്റെ പാതയൊരുക്കുന്നതിന് വേദിയാവുന്നതിലും കെ.പി.സി.സിക്ക് അഭിമാനമുണ്ട്.
കോണ്‍ഗ്രസിന് പുതിയ ദിശാബോധവും അതിനൊത്ത് സംഘടനാപ്രവര്‍ത്തനത്തില്‍ ആവശ്യമായ മാറ്റവും ലക്ഷ്യമിട്ടുള്ള കെ.പി.സി.സിയുടെ നവസങ്കല്‍പ് ചിന്തന്‍ ശിബിരം 23, 24 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് നടക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയനേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് പങ്കെടുക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കളും പങ്കെടുക്കും.
ശിബിരത്തില്‍ മിഷന്‍ 24, പൊളിറ്റിക്കല്‍ കമ്മിറ്റി, ഇക്കണോമിക്കല്‍ കമ്മിറ്റി, ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ഔട്ട്‌റീച്ച് കമ്മിറ്റി എന്നിവ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം നടത്തും.
താഴെത്തട്ടില്‍ കോണ്‍ഗ്രസ്സിന് സംഘടനാ സംവിധാനം നിര്‍മ്മിക്കാന്‍ ആവിഷ്‌കരിച്ച കോണ്‍ഗ്രസ്സ് യൂനിറ്റ് കമ്മറ്റികളെ മുഴുവന്‍ കോര്‍ത്തിണക്കിയ ‘കോണ്‍ഗ്രസ്സ് ഹൗസ്’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കും.
വിവിധ സംഘടനാ നവീകരണ പദ്ധതികള്‍, പൊളിറ്റിക്കല്‍ സ്‌കൂള്‍, സഹകരണ മേഖല, സാംസ്‌കാരിക മേഖല, സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശാക്തീകരണം, പ്രവാസ രംഗം, തദ്ദേശ സ്വയംഭരണ മേഖല, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നം കാണുന്ന ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും നവീകരണങ്ങള്‍ വരുത്തുകയാണ് ചിന്തന്‍ ശിബിരത്തിന്റെ കാതല്‍.കോണ്‍ഗ്രസ്സിനെ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ച കോഴിക്കോടിന്റെ നന്മയോടൊപ്പം ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്ന ഊര്‍ജ്ജസ്വലരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ സംഘടനയില്‍ വരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെനിക്ക്.
സംഘടനയെ അടിമുടി പ്രവര്‍ത്തനക്ഷമമാക്കി കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും പുത്തന്‍ ദിശാബോധവും നവോന്മേഷവും നല്‍കി വലിയ തിരിച്ചുവരവിന് ചിന്തന്‍ ശിബിരം വേദിയാകും എന്നുറപ്പിക്കാം.