തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ഇടതുസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം ആഗസ്റ്റ് ആദ്യവാരം

Spread the love

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഭരണഘടനാ സ്ഥാപനങ്ങളാക്കി മാറ്റുകയും മഹാത്മാ ഗാന്ധിയുടെ അധികാരവികേന്ദ്രീകരണം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജനാധിപത്യ വിപ്ലവത്തിന്റെ അന്തസത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ അധികാരവികേന്ദ്രീകരണം പൂര്‍ണ്ണമായും നടപ്പാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. തദ്ദേശയ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം യുഡിഎഫ് സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയോ സാമ്പത്തികമായി അവയെ തകര്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. അതിന് തെളിവാണ് തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച നടപടി.ആറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിക്കുകയും ഇതു പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബജറ്റില്‍ പണം വകയിരുത്തുകയും ചെയ്തു. എന്നാല്‍ അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റ് കട്ട് ചെയ്തു കൊണ്ട് 2022 ജൂലായ് 5 ന് തദ്ദേശവകുപ്പ് ഉത്തരവിറക്കി. അതിനാല്‍ മാസങ്ങളായി നടത്തിവരുന്ന പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണയുടെ തുടര്‍ച്ചയായി കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും മുന്‍പില്‍ ആഗസ്റ്റ് ആദ്യവാരം ധര്‍ണ്ണ നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു. യുഡിഎഫ് പഞ്ചാത്ത്-മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെ തീയതികളിലാണ് ധര്‍ണ്ണ നടത്തുന്നത്.

ആറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക,ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ പ്രത്യേകഫണ്ട് അനുവദിക്കുക,കോവിഡ് കാല പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക,നിലാവ് പദ്ധതി കാര്യക്ഷമമാക്കുക,ജലജീവന്‍ മിഷന്‍ നടപ്പാക്കുന്നതിന് 50% അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിചെലവ് വഹിക്കുക,ഗോത്രസാരഥി പദ്ധതി പ്രകാരം ട്രൈബല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നും ഹസ്സന്‍ പറഞ്ഞു.

Author