കേരളത്തിൻ്റെ ക്ഷീരവ്യവസായ മേഖലയിൽ വലിയ മുന്നേറ്റം

Spread the love

കേരളത്തിൻ്റെ ക്ഷീരവ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പദ്ധതിയ്ക്ക് യുഎഇ ആസ്ഥാനമായുള്ള എസ്‌എഫ്‌സി ഗ്രൂപ്പിന്റെ ഭാഗമായ മുരള്യാ ഡയറി പ്രോഡക്ട്സും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.ഐ.ഡി.സി) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. അതിൻ്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി-യുടെ അങ്കമാലിയിലുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മെഗാ ഡയറി പ്രോജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുന്നതായിരിക്കും.
മധ്യ-വടക്കൻ കേരളത്തില്‍ പാല്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ആവശ്യം നിറവേറ്റുന്നതിനായി 100 കോടി രൂപ ചെലവിലാണ് പ്രതിദിനം 100 കിലോലിറ്റര്‍ പാല്‍ സംസ്കരിക്കുന്നതിന് ശേഷിയുള്ള പ്ലാൻ്റുൾപ്പെട്ട മെഗാ ഡെയറി പ്രോജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുക. വിവിധ ഇനങ്ങളിലുള്ള പാലിനോടൊപ്പം പാലുൽപ്പന്നങ്ങളായ പനീർ, വെണ്ണ, ഐസ്ക്രീം, ഫ്ലേവർഡ് ഫ്രഷ് മിൽക്ക് തുടങ്ങിയവയും ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും. ഇതിനായി 4.60 ഏക്കർ സ്ഥലമാണ് കെ.എസ്.ഐ.ഡി.സി പാട്ടത്തിന് അനുവദിച്ചത്.
മൂന്നു വർഷത്തിനുള്ളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ 300-ല്‍പരം പ്രത്യക്ഷ തൊഴിലവസരങ്ങളും 4,900 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് വലിയ കുതിപ്പേകാൻ ഈ പദ്ധതിയ്ക്ക് നിശ്ചയമായും സാധിക്കും.

Author