പാണഞ്ചേരി പഞ്ചായത്തിലെ ഉദയപുരം കോളനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഉദയപുരം കോളനി നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പീച്ചി മുതൽ കണ്ണാറ വരെയുള്ള പ്രദേശങ്ങളിൽ വലിയ വികസന മുന്നേറ്റ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നതെന്നും മന്ത്രി പറഞ്ഞു. നാട് വികസന പ്രവർത്തനങ്ങളിലൂടെ മുന്നേറുമ്പോൾ ഇവിടത്തെ സംരംഭ സാധ്യതകൾ തിരിച്ചറിയേണ്ടതുണ്ട്.
കണ്ണാറയുടെ തനത് കുടിൽ വ്യവസായങ്ങളുടെ ബ്രാന്റ് ഇറക്കുന്നതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആദ്യ പത്ത് പട്ടികജാതി കോളനികളിൽ ഒന്നാണ് ഉദയപുരം കോളനി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.കണ്ണാറ 16-ാം വാർഡിൽ ഒരപ്പൻകെട്ട്, ഉദയപുരം കോളനി നവീകരണം ഉൾപ്പെടെ ആറ് കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.