ആന്ധ്രയിൽ നിന്നുള്ള വനാമി ചെമ്മീൻ ചെന്ത്രാപ്പിന്നിയിൽ കൃഷി ചെയ്ത് നൂറുമേനി നേട്ടം

ആന്ധ്രാപ്രദേശിലെ സപ്തഗിരി ഹാച്ചറിയിൽ നിന്ന് കൊണ്ടുവന്ന വനാമി ചെമ്മീൻ കൃഷിയിൽ നൂറുമേനി നേട്ടം കൈവരിച്ച് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കോട്ടയ്ക്കൽ വീട്ടിൽ ആനന്ദൻ. ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം 2021 -22 പദ്ധതി പ്രകാരം നടപ്പിലാക്കിയ കൃത്രിമ കടൽ ജലത്തിലെ ബയോ ഫ്ലോക്ക് കൃഷി രീതിയിലെ വനാമി ചെമ്മീൻ കൃഷി വിളവെടുപ്പിലാണ് നൂറുമേനി നേട്ടം.
43 വർഷം പ്രവാസിയായിരുന്ന ചെന്ത്രാപ്പിന്നി, കണ്ണനാംകുളം സ്വദേശി കൊട്ടുക്കൽ ആനന്ദൻ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മത്സ്യ കൃഷിയിലേയ്ക്ക് തിരിഞ്ഞത്. വീടിനോട് ചേർന്ന തന്റെ 15 സെൻ്റ് സ്ഥലത്ത് അഞ്ച് ഡയാമീറ്റർ വലിപ്പമുള്ള എട്ട് ടാങ്കുകളിലായാണ് ബയോ ഫ്ളോക്ക് മത്സ്യകൃഷി നടത്തുന്നത്.
കയറ്റുമതി രംഗത്ത് ഏറെ പ്രാധാന്യമുള്ള വനാമി ചെമ്മീൻ സാധാരണ കടൽ വെള്ളത്തിലാണ് ഉണ്ടാവുക. എന്നാൽ ഇവിടെ ഭൂനിരപ്പിന് മുകളിൽ ഒരുക്കുന്ന പടുതക്കുളത്തിൽ കൃത്രിമ കടൽ വെള്ളം നിറച്ച് അതിൽ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ് രീതി. മത്സ്യക്കുഞ്ഞുങ്ങളെ ഒരു ടാങ്കിൽ 6000 എന്ന കണക്കിൽ മാർച്ച് 25 നാണ് നിക്ഷേപിച്ചത്.
ഓരോ ചെമ്മീനും ഏകദേശം 120 ഗ്രാം വീതം തൂക്കം വരും. കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വിൽപ്പന. ആദ്യഘട്ടത്തിൽ തന്നെ മികച്ച വിളവ് ലഭിച്ചുവെന്ന് ആനന്ദൻ പറഞ്ഞു. വനാമി ചെമ്മീനുകൾക്ക് പുറമേ വാള, അനാബസ്, തിലാപ്പിയ എന്നിവയും ബയോ ഫ്ളോക്ക് രീതിയിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

Leave Comment