വൈലോപ്പിള്ളി സ്‌കൂള്‍ അങ്കണത്തില്‍ ഉയരുന്നത് 6 കോടിയുടെ കെട്ടിടങ്ങള്‍

Spread the love

ഒല്ലൂര്‍ വൈലോപ്പിള്ളി ശ്രീധര മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉയരാന്‍ പോകുന്നത് 6 കോടിയുടെ കെട്ടിടങ്ങളാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനായി 2.18 കോടിയുടെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ഹൈസ്‌കൂള്‍ വിഭാഗത്തിനായി 3.90 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സ്‌കൂളില്‍ നടന്ന പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ മാസത്തോടെ post

പൂര്‍ത്തിയാക്കണമെന്ന് കെട്ടിടത്തിന്റെ നിര്‍മാണ ചുമതലയുള്ള കോസ്റ്റ് ഫോര്‍ഡ് കമ്പനിയുടെ പ്രതിനിധികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് ഇതിനായി തുക വകയിരുത്തിയിരിക്കുന്നത്. 8 ക്ലാസ് റൂം, ഒരു സ്റ്റാഫ് റൂം ഒരു നൈറ്റ് വാച്ച് റൂം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്‌ലറ്റ് സൗകര്യം എന്നിവയാണ് വിഎച്ച്എസ്ഇ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കെട്ടിടം താല്‍ക്കാലികമായി ഒല്ലൂര്‍ ഗവ കോളേജിനായി ഉപയോഗിക്കും. കോളേജിന് വേണ്ടി കണ്ടെത്തിയ ഭൂമിയില്‍ താമസിയാതെ പുതിയ കെട്ടിടം നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി.

വൈലോപ്പിള്ളി ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിനായി കിഫ്ബി ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുന്നത്. കിലയ്ക്കാണ് നിര്‍വഹണ ചുമതല. പദ്ധതിയുടെ ഡി പി ആര്‍ തയ്യാറായി. ഡിസംബറില്‍ തന്നെ നിര്‍മാണം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ മൂന്നു ക്ലാസ് റൂം, ഒരു സ്റ്റാഫ് റൂം, രണ്ടാമത്തെ നിലയില്‍ ലൈബ്രറി, സെമിനാര്‍ ഹാള്‍, മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ഡ്രസ്സിംഗ് റൂം എന്നിവ നിര്‍മിക്കും. കൂടാതെ ചുറ്റുമതില്‍, ഗേയ്റ്റ് എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്.

Author