ഫിലാഡല്‍ഫിയ: ഡെലവെയര്‍വാലി റീജിയണിലെ 22 ക്രൈസ്തവ ദേവാലയങ്ങളുടെ സ്‌നേഹകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ 2022 ആഗസ്റ്റ് 6 ശനിയാഴ്ച്ച ഗെയിം ഡേ സംഘടിപ്പിക്കുന്നു. ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ എന്നീ മല്‍സര ഇനങ്ങളാണ് ഏകദിനടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാറ്റ്ബറോയിലെ റനിഗേഡ്‌സ് കെല്ലി ബോളിഷ് ജിമ്മില്‍ (2950 Turnpike Drive, Hatboro, PA 19040) രാവിലെ 8 മണി മുതലാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ആഗസ്റ്റ് ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം.
ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ മല്‍സരങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് എക്യൂമെനിക്കല്‍ ഫെല്ലോഷിപ് വക എവര്‍ റോളിംഗ് ട്രോഫിയും ആകര്‍ഷകങ്ങളായ കാഷ് അവാര്‍ഡുകളും ലഭിക്കും.. ഇരു കളികളിലും വ്യക്തിഗത മിഴിവു പുലത്തുന്നവര്‍ക്ക് വിശേഷാല്‍ ട്രോഫികളും ലഭിക്കും.
1987 ല്‍ ഏകദേശം 600 കൂടുംബങ്ങളുള്ള 10 ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന് ആരംഭിച്ച ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനം ഇന്ന് 22 ഇടവകകളും, 10,000 ല്‍ പരം കുടുംബങ്ങളുമായി ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. ക്രൈസ്തവസ്‌നേഹം വര്‍ധിപ്പിക്കുക, അംഗങ്ങള്‍ തമ്മില്‍ വര്‍ധിച്ച സഹകരണം ഉറപ്പാക്കുക, വളര്‍ന്നുവരുന്ന യുവതലമുറയെ ചേര്‍ത്തുനിര്‍ത്തുകയും, വിശ്വാസത്തില്‍ ആഴപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ കേരളീയ പാരമ്പര്യത്തിലുള്ള ക്രിസ്റ്റ്യന്‍ സമുദായങ്ങളിലെ ക്രാന്തദര്‍ശികളായ വൈദികരും അല്‍മായരും ഒത്തുചേര്‍ന്ന് ആരംഭിച്ച ഈ പ്രസ്ഥാനം കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി സമൂഹത്തിന് നല്‍കിയിരിക്കുന്ന സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.
എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ചെയര്‍മാന്‍ റവ. ഫാ. എം. കെ. കുര്യാക്കോസ് (സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്പള്ളി വികാരി), കോ ചെയര്‍മാന്‍ റവ. ഫാ. എല്‍ദോസ് കെ. പി. (സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി), സെക്രട്ടറി കെവിന്‍ വര്‍ഗീസ്, ജോ. സെക്രട്ടറി എബിന്‍ സെബാസ്റ്റ്യന്‍, ട്രഷറര്‍ റോജിഷ് സാമുവേല്‍, യുവജന-സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനും, ടീമുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ സ്‌പോര്‍ട്‌സ് പ്രേമികളെയും സംഘാടകര്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ് പി. ആര്‍. ഒ. ജീമോന്‍ ജോര്‍ജ് അറിയിച്ചതാണീ വിവരങ്ങള്‍.
ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക റോഷിന്‍ പ്ലാമൂട്ടില്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ 484 470 5229 ജീമോന്‍ ജോര്‍ജ്, പി. ആര്‍. ഒ. 267 970 426