ചിങ്ങം ഒന്നിന് കര്‍ഷക കരിദിനം ഇന്‍ഫാം ദേശീയ സമിതി ഇന്ന് (31.07.2022) കൊച്ചിയില്‍ ചേരുന്നു

കൊച്ചി: കാര്‍ഷികമേഖല നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിയമനടപടികളും പ്രക്ഷോഭപരിപാടികളും ശക്തിപ്പെടുത്തുന്നതിനുമായി ഇന്‍ഫാം ദേശീയ സമിതി ഇന്ന് (ഞായര്‍) കൊച്ചിയില്‍ ചേരുന്നു.

രാവിലെ 10.30ന് പാലാരിവട്ടം പി.ഒ.സി.യില്‍ ദേശീയ ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആനുകാലിക കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി വിഷയാവതരണവും നടത്തും. ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍ കര്‍ഷകപ്രമേയം അവതരിപ്പിക്കും. ചിങ്ങം ഒന്നിന് ഇന്‍ഫാം സംസ്ഥാനത്തു പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക കരിദിനാചരണത്തിന്റെ വിശദമായ രൂപരേഖയും ബഫര്‍സോണ്‍, പരിസ്ഥിതിലോല, വന്യജീവി അക്രമണ വിഷയങ്ങളില്‍ കര്‍ഷകപ്രക്ഷോഭ നിയമ തുടര്‍നടപടികളും ദേശീയസമിതി ചര്‍ച്ചചെയ്യും.

കാര്‍ഷികപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫാമിന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതിന്റെ ഭാഗമായി ഇന്‍ഫാം ദേശീയ സംസ്ഥാന സമിതിയംഗങ്ങളും കാര്‍ഷിക ജില്ലാ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കുചേരണമെന്ന് ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അറിയിച്ചു.

ഫാ. ജോസഫ് കാവനാടി
ജനറല്‍ സെക്രട്ടറി
+91 96562 03050

Leave Comment