ലൈഫ് മിഷനിലൂടെ ഇതുവരെ പൂർത്തിയായത് 3,00,598 വീടുകൾ

Spread the love

വീടെന്ന സ്വപ്‌നം ലൈഫ് ഭവന പദ്ധതി എന്ന തണലിലൂടെ ഇതുവരെ യാഥാർഥ്യമായത് 3,00,598 കുടുംബങ്ങൾക്ക്. 25,664 വീടുകളാണ് ഇപ്പോൾ നിർമാണത്തിലുള്ളത്.
ലൈഫിന്റെ ഒന്നാംഘട്ടത്തിൽ (പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണം) 52,680 വീടുകളാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ (ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമാണം) 94,283 പേർക്ക് വീടുകൾ നൽകാനായി. മൂന്നാംഘട്ടത്തിൽ (ഭൂരഹിത ഭവനരഹിതരിൽനിന്ന് ഭൂമിയാർജിച്ചവർ) 14,999 വീടുകളും നിർമിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതികൾ കൂടി ഏകോപിച്ചാണ് ഇതുവരെ ആകെ 3,00,598 വീടുകൾ ഭവനരഹിതർക്ക് നൽകാനായത്.ഫ്രീ ഫാബ് സാങ്കേതികവിദ്യയിലൂടെയുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമാണവും വിവിധ ഘട്ടങ്ങളായി പുരോഗതിയിലാണ്. നിർമ്മാണ പുരോഗതിയിലുള്ള ഭവനസമുച്ചയങ്ങളിൽ കണ്ണൂർ ജില്ലയിലെ കടമ്പൂർ ഗ്രാമപഞ്ചായത്തിലെ (44 യൂണിറ്റുകൾ) സമുച്ചയത്തിന്റേയും, കൊല്ലം പുനലൂർ നഗരസഭയിലെ (44 യൂണിറ്റുകൾ) സമുച്ചയത്തിന്റേയും, കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിലെ (44 യൂണിറ്റുകൾ) സമുച്ചയത്തിന്റേയും, ഇടുക്കിയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ (44 യൂണിറ്റുകൾ) സമുച്ചയത്തിന്റേയും നിർമ്മാണം അവസാനഘട്ടത്തിലാണ്.
പുതിയ വീടുകൾക്കായി 2020ൽ ലഭിച്ച അപേക്ഷകളിൽ 5,64,091 കുടുംബങ്ങളാണ് ഇപ്പോൾ ലൈഫ് കരട് പട്ടികയിൽ ഉള്ളത്. ഇതിൽ 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. ജില്ലാ കളക്ടർ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീൽ സമിതികൾ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീർപ്പാക്കിയത്. ലൈഫ് കരട് ഗുണഭോക്തൃ പട്ടിക ഇപ്പോൾ ഗ്രാമ/വാർഡ് സഭകൾ പരിശോധിക്കുകയാണ്. മാനദണ്ഡങ്ങൾ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്നും മുൻഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകൾ വിശകലനം ചെയ്യും. ഗ്രാമ/വാർഡ് സഭകൾ അംഗീകരിച്ച പട്ടിക ആഗസ്റ്റ് 10 നകം പഞ്ചായത്ത്/നഗരസഭാ ഭരണസമിതികളും അംഗീകരിക്കും. ആഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Author