കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും, ഡെറിക് ചെരുവന്‍കാലായിലും കലാപ്രതിഭകള്‍

Spread the love

ചിക്കാഗോ: ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടന്ന വര്‍ണ്ണശബളമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെറിക് ചെരുവന്‍കാലായിലും, ഡിട്രോയിറ്റില്‍നിന്നുമുള്ള ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. ലോസ് ഏഞ്ചല്‍സില്‍നിന്നുമുള്ള എലീസ അപ്പോഴിയില്‍ കലാതിലകമായി. ന്യൂയോര്‍ക്കില്‍നിന്നുമുള്ള ഡിയ ചെരുവന്‍കാലായിലിനെ റൈസിംഗ് സ്റ്റാറായും തെരഞ്ഞെടുത്തു.

ഏമി പെരുമണശ്ശേരിയില്‍ ചെയറായും, ഷീബ ചെറുശ്ശേരിയില്‍, ബിസ്മി കുശക്കുഴിയില്‍, ജോബിന്‍ ചിറയില്‍, ലേഖ കുസുമാലയം, സ്‌നേഹ പച്ചിക്കര, ആഞ്ജല കൂവക്കാട്ടില്‍ എന്നിവര്‍ കോ-ചെയേഴ്‌സായും നടത്തിയ ആര്‍ട്ട് & ലിറ്റററി മത്സരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവന്‍കാലായില്‍ പ്രസംഗം, ഫ്രാന്‍സിഡ്രസ്സ്, ക്വിസ് മത്സരങ്ങളില്‍ ജേതാവായി. ന്യൂയോര്‍ക്ക് ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവന്‍കാലായിലിന്റെയും നിഷ ചെരുവന്‍കാലായിലിന്റെയും സീമന്തപുത്രനാണ് ഡെറിക്. ഡിയ ചെരുവന്‍കാലായില്‍ സഹോദരിയാണ്. സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഡെറിക്. കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പോളിനും ഡെറിക് ചെരുവന്‍കാലായ്ക്കും കലാപ്രതിഭ ട്രോഫിയും ലൂക്കോസ് മാളികയില്‍ സ്‌പോണ്‍സര്‍ ചെയ്ത $ 500 ഡോളര്‍ ക്യാഷ്‌പ്രൈസും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ സമ്മാനിച്ചു.

Picture2

കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പില്‍ ഫ്രാന്‍സിഡ്രസ്സ്, ക്വിസ്, പ്രസംഗ മത്സരം, പുരാതനപ്പാട്ട് എന്നീ മത്സരങ്ങളില്‍ വിജയിച്ചാണ് കലാപ്രതിഭാപട്ടത്തിന് അര്‍ഹനായത്. ഡിട്രോയിറ്റില്‍നിന്നുമുള്ള ജെയിസ് & അനു കണ്ണച്ചാന്‍പറമ്പിലിന്റെ പുത്രനാണ് ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പില്‍. സറീന, സൈറ, ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്. പ്ലിമത്ത് ചാറ്റേര്‍ഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജോണ്‍.

കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട എലീസ അപ്പോഴിയില്‍ ഫ്രാന്‍സിഡ്രസ്സ്, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതം എന്നിവയില്‍ വിജയിച്ചാണ് കലാതിലകപട്ടം നേടിയെടുത്തത്. കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ് പ്രസിഡന്റ് ഷിജു അപ്പോഴിയിലിന്റെയും സുനിത അപ്പോഴിയിലിന്റെയും പുത്രിയാണ് എലീസ. ആല്‍ബിന്‍ അപ്പോഴിയില്‍, ജയ്‌സണ്‍ അപ്പോഴിയില്‍ എന്നിവര്‍ സഹോദരങ്ങളാണ്. കലാതിലകം ട്രോഫിയും, സഞ്ജു പുളിക്കത്തൊട്ടിയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ലോസ് ഏഞ്ചല്‍സിലെ ഫെയിത്ത് ബാപ്‌സിറ്റ് സ്‌കൂളില്‍ പഠിക്കുന്ന രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ എലീസ അപ്പോഴിയിലിന് സമ്മാനിച്ചു.

റൈസിംഗ് സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ട ഡിയ ചെരുവന്‍കാലായില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവന്‍കാലായുടെ സഹോദരിയാണ്. സിജു-നിഷ ചെരുവന്‍കാലായുടെ പുത്രിയായ ഡിയ സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂളിലെ രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ആര്‍ട്ട് & ലിറ്ററി മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ രണ്ടാം സ്ഥാനത്ത് എത്തിയാണ് ഡിയ റൈസിംഗ് സ്റ്റാറായത്.

റിപ്പോര്‍ട്ട്: സൈണ്‍ മുട്ടത്തില്‍

Author