നാളികേര സംഭരണത്തിന്റെ കാലാവധി നീട്ടണം : ടി. സിദ്ധിഖ് എം.എല്‍.എ

Spread the love

കല്‍പ്പറ്റ:പച്ചത്തേങ്ങയും, കൊപ്രയും സംഭരിക്കാനായിട്ടുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രിക്ക് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നിവേദനം നല്‍കി. കേരളത്തിലെ കര്‍ഷകരില്‍ നല്ലൊരു പങ്കും നാളികേര കര്‍ഷകരാണ്. എന്നാല്‍ പലപ്പോഴും കര്‍ഷകര്‍ക്ക് ആവശ്യമായിട്ടുള്ള വില ലഭ്യമാകാതെ നാളികേര മേഖലയിലുള്ള കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നിലവിലെ സാഹചര്യത്തിൽ സംഭരിക്കുന്നതിന് തുക നിശ്ചയിച്ചയിച്ചിരിക്കുന്നത് 32 രൂപയാണ് . സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നാളികേര സംഭരണം ഫലപ്രദമാകാതെ പോയ ഗൗരവകരമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ മാസം അവസാനത്തോട് കൂടി നാളികേരം സംഭരണത്തിന്റെ കാലാവധി അവസാനിക്കുകയാണ്. ഈ കാലാവധിക്കുള്ളില്‍ എല്ലാ കര്‍ഷകര്‍ക്കും അവരുടെ വിളകള്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുകയില്ല. ഓഗസ്റ്റ് 1 എന്നുള്ള കാലാവധി മാറ്റി ഓഗസ്റ്റ് മാസം അവസാനം വരെ സംഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യമായിട്ടുള്ള നടപടി സ്വീകരിക്കണമെന്നും, കൃഷിഭവനിലൂടെയും, സഹകരണ സംഘങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പച്ച തേങ്ങ, കൊപ്ര സംഭരണം ഉള്‍പ്പെടെ നടത്താനുള്ള നടപടിയും സ്വീകരിക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു. പച്ചതേങ്ങ ഉണക്കി കൊപ്രയാക്കി മാറ്റുന്നതിനുള്ള ഡ്രൈയര്‍ യൂണിറ്റുകള്‍ കേരളത്തില്‍ വേണ്ടത്ര ഇല്ല. അതുകൊണ്ട് തന്നെ അടിയന്തിരമായി ഡ്രൈയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതോടൊപ്പം കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് സംഭരിക്കുന്നതിന് സർക്കാർ നിശ്ചയിച്ച തുകയിൽ വർദ്ധനവ് ഉൾപ്പെടെ സഹായകരമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്നും എം.എല്‍.എ നിവേദനത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

Author