ഇനി ഞാന്‍ ഒഴുകട്ടെ’: ജില്ലയില്‍ 159.4 കിലോ മീറ്റര്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു

Spread the love

ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 76 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 159.4 കിലോ മീറ്റര്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു. പിണ്ടിമന, പൂതൃക്ക പഞ്ചായത്തുകളിലാണു കൂടുതല്‍ തോടുകള്‍ ശുചീകരിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്തു സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളിലൂടെയാണു ജലസ്രോതസുകള്‍ വീണ്ടെടുക്കാനായത്. ജില്ലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നത്.

പ്രാദേശിക അടിസ്ഥാനത്തില്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ഉദ്യമമായാണ് ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്‍ ആരംഭിച്ചത്. 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ മുതലുള്ള കാലയളവില്‍ ജില്ലയില്‍ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 54 കിലോമീറ്റര്‍ തോടുകളും 2020-21 വര്‍ഷം 94 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 914 കിലോമീറ്റര്‍ നീര്‍ച്ചാലുകളും വീണ്ടെടുത്തിരുന്നു.

ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വാഭാവിക ഒഴുക്ക് നഷ്ടമായ ജലാശയങ്ങള്‍ കണ്ടെത്തിയാണ് ഇനി ഞാനൊഴുകട്ടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ജലസ്രോതസുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ളവ തടയുകയാണു ലക്ഷ്യം. ഹരിതകേരളം മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളാണു മുഖ്യപങ്ക് വഹിക്കുന്നത്. ജനപ്രതിനിധികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പ്രദേശവാസികള്‍ തുടങ്ങിയവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു

Author