ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഗ്രേസ് ഗ്രേഡ് നല്‍കിയതുമായി ബന്ധപ്പെട്ട് വന്ന ചില മാധ്യമ വാര്‍ത്തകള്‍ സര്‍വ്വകലാശാലയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയപ്പോള്‍ തന്നെ പ്രാഥമിക അന്വേഷണം നടത്തുകയുണ്ടായി. സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിട്ടുള്ള റിസള്‍ട്ട് രജിസ്റ്ററിലെ പേരുകള്‍ പരിശോധിച്ചാണ് ഗ്രേസ് ഗ്രേഡ് അനുവദിയ്ക്കുന്നത്. ആരോപിതയായ വിദ്യാര്‍ത്ഥിയുടെ പേര് റിസള്‍ട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ പ്രൊ വൈസ് ചാന്‍സലര്‍ക്കോ വൈസ് ചാന്‍സലര്‍ക്കോ നേരിട്ട് മാര്‍ക്ക് നല്‍കുവാന്‍ സാധിക്കുകയില്ല. ഗ്രേസ് ഗ്രേഡിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥി, പഠന വിഭാഗം മേധാവിയുടെയും സ്റ്റുഡന്റ്സ്‌ സര്‍വീസസ് ഡയറക്ടറുടെയും വ്യക്തമായ ശിപാര്‍ശയോടെ അപേക്ഷ സര്‍വ്വകലാശാലയില്‍ സമര്‍പ്പിയ്ക്കുന്നു. ഈ അപേക്ഷ വിവിധ സെക്ഷനുകളിലൂടെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച്, അഭിപ്രായം രേഖപ്പെടുത്തിയതില്‍ അംഗീകാരം നല്‍കുകയാണ് പ്രൊ വൈസ് ചാന്‍സലറും വൈസ് ചാന്‍സലറും ചെയ്യാറുള്ളത്.

വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലെയും തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും ആരോപിതയായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തി വെയ്ക്കാനും സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രേസ് ഗ്രേഡ് നല്‍കിയതില്‍ പരാതി ഉന്നയിച്ച ഒരു വിദ്യാര്‍ത്ഥി താന്‍ പരാതിയില്‍ ഒപ്പ് വെച്ചിട്ടില്ല എന്നും രണ്ട് വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിച്ചാണ് പരാതിയില്‍ ഒപ്പിട്ടതെന്നും സര്‍വ്വകലശാലയെ അറിയിച്ചിട്ടുണ്ട്.

പരാതിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി സര്‍വ്വകലാശാല അറിയിച്ചു.

JALEESH PETER
Public Relations Officer
Sree Sankaracharya University of Sanskrit,
Kalady – 683 574. 
Ph.: 9447123075
Leave Comment