കൊച്ചി: നിര്‍ദ്ദിഷ്ഠ ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനം പൂര്‍ത്തിയാക്കുവാന്‍ നിവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.

വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിന്മേല്‍ പ്രസ്തുത സ്ഥലങ്ങളിലെ നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് മാസകാലാവധി സെപ്തംബര്‍ മൂന്നിന് അവസാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഏറെ നിര്‍ണ്ണായകമാണ്. കോടതിവിധി വന്നിട്ട് രണ്ടരമാസങ്ങള്‍ പിന്നിട്ടിട്ടും ബഫര്‍സോണ്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ സംബന്ധിച്ചോ ജനവാസമേഖലകളെക്കുറിച്ചോ വ്യക്തമായ പഠനം നടത്തിയിട്ടില്ല. സാറ്റലൈറ്റ് സര്‍വ്വേയുടെ ആധികാരികത ചോദ്യംചെയ്തിട്ടുമുണ്ട്. വനംവകുപ്പില്‍ നിന്ന് പ്രദേശവാസികള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പുമാണ്. ജനകീയ സമിതികള്‍ രൂപീകരിച്ച് നിജസ്ഥിതി പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത കാലത്തോളം വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് ബഫര്‍സോണ്‍ വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനോടകം മൂന്നു മേഖലകളില്‍ സിറ്റിംഗ് നടത്തിയെന്ന സര്ക്കാര്‍ വാദവും അംഗീകരിക്കാനാവില്ല. വനംവകുപ്പും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററുമായി അതിര്‍ത്തിനിര്‍ണ്ണയത്തിനും പഠനത്തിനുമായി ഇതിനോടകമുണ്ടാക്കിയ രഹസ്യധാരണാപത്രം ജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധനാഹര്‍ജി പരിഗണനയ്‌ക്കെടുക്കുവാന്‍ കാലതാമസമുണ്ടാകും. ജൂണ്‍ മൂന്നിന് ബഫര്‍സോണ്‍ വിധിപറഞ്ഞ ജഡ്ജിമാരിലൊരാള്‍ റിട്ടയര്‍ ചെയ്തതുകൊണ്ട് സുപ്രീംകോടതിയില്‍ പുതിയ ബഞ്ച് ഇതിനായി രൂപീകരിക്കേണ്ടി വരും. കേന്ദ്ര സംസ്ഥാന വനംവകുപ്പുകള്‍ പുനഃപരിശോധനാഹര്‍ജി നല്‍കിയാലും ഫലത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പുണ്ടാകണമെന്നില്ല. കാരണം വനം പരിസ്ഥിതി വകുപ്പിന് അനുകൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പുനഃപരിശോധനാഹര്‍ജി പോലും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള രാഷ്ട്രീയ തന്ത്രമായി ഭാവിയില്‍ മാറാം. അതേസമയം നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് ഉയര്‍ത്തിക്കാട്ടുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ 2019ലെ മന്ത്രിസഭാതീരുമാനവും തുടര്‍ന്നിറക്കിയ ഉത്തരവുകളും പിന്‍വലിക്കേണ്ടിയിരിക്കുന്നു. ഇതിനുശ്രമിക്കാതെ നടത്തുന്ന ഏതൊരു കോടതിവ്യവഹാരവും സംസ്ഥാനത്തിന് തിരിച്ചടിയാകും. കുറഞ്ഞപക്ഷം സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന പഠനത്തിനായുള്ള സമയപരിധിയെങ്കിലും നീട്ടിക്കിട്ടുവാന്‍ ശ്രമിക്കുകയും ഒരു കിലോമീറ്റര്‍ ദൂരത്തിലെ യഥാര്‍ത്ഥ ജനജീവിതചിത്രം സത്യസന്ധമായി കണ്ടെത്തി എംപവേര്‍ഡ് കമ്മറ്റി മുഖേന കോടതിയെ സമീപിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സൗത്ത് ഇന്ത്യ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Leave Comment