എറണാകുളത്തെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് പുറപ്പെടുവിക്കുന്ന പ്രസ്താവന

Spread the love

എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ തട്ടിപ്പു നടന്ന വിവരം അറിഞ്ഞ ഉടന്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉചിതമായ നടപടികൾ സ്വീകരിക്കുകയും കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തു.

ഇതിനു പുറമെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതികള്‍ സമർപ്പിച്ചിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാനും മറ്റു ബാങ്കുകളുടെ എടിഎമ്മിലും തട്ടിപ്പു നടത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും പൊലീസ് നടത്തിയ സമയോചിത ഇടപെടലിനെ ബാങ്ക് അഭിന്ദിക്കുന്നു. കേസ് അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പരിപൂര്‍ണ സഹകരണവും പിന്തുണയും നല്‍കും.

മെഷീനില്‍ നിന്ന് കറന്‍സി പുറത്തു വരുന്ന ഭാഗത്ത് കൃത്രിമ തടസ്സമുണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പണം കവരാന്‍ ശ്രമിച്ചത്. പണം പുറത്തു വരാതാകുന്നതോടെ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടുവെന്ന് കരുതി ഉപഭോക്താവ് മടങ്ങിയ ശേഷം ഈ കൃത്രിമ തടസ്സം നീക്കി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. സമാന തട്ടിപ്പുകള്‍ വിവിധ സംസ്ഥാനങ്ങളിലെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടന്നതായാണ് വിവരം.

തട്ടിപ്പുമായി ബന്ധപ്പെട്ട്, കൃത്യമായ പരിശോധനകള്‍ക്ക് ശേഷം പരാതിപ്പെട്ട ഇടപാടുകര്‍ക്ക് നഷ്ടമായ തുക ബാങ്ക് തിരികെ നല്‍കിയിട്ടുണ്ട്. കൂടാതെ, പരാതിപ്പെടാത്തതും തുക നഷ്ടപ്പെട്ടതുമായ മറ്റ് ഇടപാടുകാരുടെ തുകയും പൂര്‍ണ്ണമായി ഇതിനകം തിരിച്ചു നല്‍കിയിട്ടുണ്ട്.

Report : Anna Priyanka Roby

Author