കോട്ടയം: വനിത- ശിശു വികസനവകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം – 2021′ പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്കാണ് അവസരം. ആറിനും 18 നുമിടയിൽ പ്രായമുള്ള നാലു കുട്ടികളെയാണ് ജില്ലയിൽനിന്ന് തിരഞ്ഞെടുക്കുക. ഭിന്നശേഷി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപപുരസ്‌ക്കാരവും നൽകും.
2021 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള പ്രാഗത്ഭ്യമാണ് പരിഗണിക്കുക. കേന്ദ്രസർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്‌സപ്ഷണൽ അച്ചീവ്‌മെന്റ് നേടിയവരെയും ഉജ്വല ബാല്യം പുരസ്‌കാരം മുമ്പ് ലഭിച്ചവരെയും പരിഗണിക്കില്ല. അപേക്ഷാ ഫോം www.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം – 686001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0481- 2580548.