ബഫര്‍ സോണില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; സര്‍ക്കാര്‍ നയം പാരിസ്ഥിതിക അഭയാര്‍ത്ഥികളെ സൃഷ്ടിക്കും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (01/09/2022)

ബഫര്‍ സേണ്‍ സംബന്ധിച്ച് നിയമത്തെ വളച്ചൊടിച്ചും സര്‍ക്കാര്‍ ഇറക്കിയ തെറ്റായ ഉത്തരവുകളെ വീണ്ടും ന്യായീകരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നിയമന്ത്രി പി രാജീവ് നിയമസഭയില്‍ നല്‍കിയത്. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 31-ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ആ ഉത്തരവിനെയാണ് മന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത്. ജയറാം രമേശ് കേന്ദ്രമന്ത്രിയായിരുന്ന 2011 ല്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ബഫര്‍ സോണ്‍ സംബന്ധിച്ച തീരുമാനം ഉണ്ടായതെന്ന മന്ത്രിയുടെ ആരോപണവും തെറ്റാണ്. സുപ്രീം കോടതി ഉത്തരവും മന്ത്രിസഭാ തീരുമാനവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും മന്ത്രി ചോദ്യോത്തര വേളയിലും പറഞ്ഞിരുന്നു.

1995-ല്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട് സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തുള്ള വിഷന്‍ ഡോക്യുമെന്റ് പ്രകാരം
ബഫര്‍ സോണ്‍ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ ആരായാന്‍ 2002 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇതിനുസരിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേസിന്റെ ഭാഗമായി. എന്നിട്ടും കേരളത്തിന് കേസുമായി യാതൊരു ബന്ധവും ഇല്ലെന്ന് മന്ത്രി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? പത്ത് കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന് നിര്‍ദ്ദേശത്തിന്, ജനവാസമേഖലയെയും കൃഷിയിടങ്ങളെയും പൂര്‍ണമായും

ഒഴിവാക്കണമെന്ന മറുപടിയാണ് 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഇക്കാര്യം 2019-ല്‍ നിങ്ങള്‍ ഇറക്കിയ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിദഗ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി നല്‍കാത്തതിനാല്‍ കേരളം 2013 ല്‍ സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ 2018-ല്‍ കാലഹരണപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കാലഹരണപ്പെടാണ് കാരണം അന്ന് ഭരിച്ച എല്‍.ഡി.എഫ് സര്‍ക്കാരാണ്. വിദഗ്ധ സമിതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍ രണ്ടു വര്‍ഷം കൈയ്യുകെട്ടി നോക്കി നിന്നു. എന്നിട്ടാണ് 2019-ല്‍ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണ്‍ ആക്കണമെന്ന ഉത്തരവ് ഇറക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ബഫര്‍ സോണ്‍ നിശ്ചയിച്ചതെന്ന് 2021 -ല്‍ വനംമന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 ലെ ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും കൈവശമുണ്ട്. കോടതി വിധി വന്നതിന് ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും അവര്‍ക്ക് വ്യക്തമാകും. അങ്ങനെ വന്നാല്‍ ആ ഉത്തരവ് കേസിനെ പ്രതികൂലമായി ബാധിക്കും.

ജനവാസ കേന്ദ്രങ്ങളെ ഒരു കാരണവശാലും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തില്ലെന്ന് തീരുമാനിക്കണം. കുമിളി ഉള്‍പ്പെടെ 20 ടൗണുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ധാരാളം കൃഷിയിടങ്ങളുള്ള ജനവാസമേഖലകളുള്ള സ്ഥലമാണ് ഇതെന്ന് കോടതിയെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ കേസില്‍ തോറ്റ് പോകും. കേരളം ജയിക്കാന്‍ വേണ്ടിയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. വനം വകുപ്പ് മാത്രമല്ല, റവന്യൂ, കൃഷി, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്നാണ് സര്‍വെ റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ആളുകളെയും കൃഷിയിടങ്ങളെയും ഉപദ്രിവിക്കരുതെന്ന രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുനപരിശോധനാ ഹര്‍ജിയില്‍ പ്രതിഫലിക്കുന്നില്ല. വനഭൂമിയില്‍ കൈയ്യേറിയ സ്ഥലവും ഉണ്ടെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ അത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും.

സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ സാധൂകരിക്കാനാണ് മന്ത്രി രാഷ്ട്രീയം പറഞ്ഞത്. ജനകീയ വിഷയങ്ങളില്‍ പ്രതിപക്ഷം രാഷ്ട്രീയം കലര്‍ത്താറില്ല. ആ പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാരിനെ അഭിന്ദിക്കാനും മടിയില്ല. ജനകീയ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പാരിസ്ഥിതിക അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന സമീപനമാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ദുരഭിമാനം ഉള്ളതു കൊണ്ടാണ് ബഫര്‍ സോണ്‍ വേണമെന്ന് ആവശ്യപ്പെട്ട് 2019ല്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്. ഈ ഉത്തരവ് പിന്‍വലിക്കാതെ വളച്ച് കെട്ടിയ ഉത്തരവുമായി മുന്നോട്ടു പോകുന്നത് കര്‍ഷരുടെയും കേരളത്തിന്റെയും താല്‍പര്യത്തിന് വിരുദ്ധമാണ്.

സ്വര്‍ണക്കടത്ത്, എ.കെജി സെന്റര്‍ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങളില്‍ ദുരാരോപണം ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവ അണ്‍സ്റ്റാര്‍ഡിലേക്ക് മാറ്റിയതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം എം.പിമാരെ അധിക്ഷേപിച്ചും ഇന്ന് കെ.പി.സി.സി അധ്യക്ഷനെതിരെ ദുരാരോപണങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യങ്ങളും നിയമസഭയില്‍ വന്നു. സ്പീക്കറുടെ റൂളിങ് പ്രതിപക്ഷന് മാത്രമാണോ ബാധകം എന്ന ചോദ്യമാണ് ഞങ്ങള്‍ സ്പീക്കറോട് ഉന്നയിച്ചത്. ഉപചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷം ഉന്നയിച്ച പരാതി സ്പീക്കര്‍ പരിഗണിച്ചെന്നാണ് കരുതുന്നത്. നിയമസഭാ സെക്രട്ടേറിയറ്റില്‍ ആരാണ് കടന്നു കയറി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. ഇനി ഇത് സംഭവിക്കില്ലെന്ന ഉറപ്പ് സ്പീക്കര്‍ നല്‍കിയിട്ടുണ്ട്.

Author