ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാര്‍ട്ട് പാലക്കാടിന്റെ ‘സന്നദ്ധ സേവാ’ പുരസ്‌കാരം

Spread the love

പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎംഡിയും, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് ‘സന്നദ്ധ സേവാ’ പുരസ്‌കാരം സമ്മാനിച്ചു. പാലക്കാടിന്റെ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ രൂപം കൊടുത്ത സ്മാര്‍ട്ട് പാലക്കാടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവാര്‍ഡ് സമ്മാനിച്ചു.

അറബ് മേഖല കേന്ദ്രമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവട സാമ്രാജ്യം പടുത്തിയര്‍ത്തി രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിച്ചത് പരിഗണിച്ച് രാജ്യം നല്‍കിയ പ്രവാസി ഭാരതീയ സമ്മാന്‍ ജോതാവിനുള്ള പാലക്കാടിന്റെ ആദരമായാണ് അവാര്‍ഡ് സമ്മാനിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

കേവലം ഉപരിപ്ലവമായ വികസന സങ്കല്‍പങ്ങള്‍ക്ക് പകരം നാടിന് ശാശ്വത പരിഹാരം ലഭ്യമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഡോ: സിദ്ധീഖ് അഹമ്മദിന്റെ നേതൃത്വത്തില്‍ പാലക്കാട് നടന്നിട്ടുള്ളത്. വേനല്‍ക്കാലങ്ങളില്‍ കടുത്ത വരള്‍ച്ചയും, തീക്കാറ്റും അനുഭവപ്പെടുന്ന പാലക്കാടിനെ തിരികെയെത്തിക്കുന്നതിനുള്ള ദൗത്യം തുടങ്ങിയത് ഡോ: സിദ്ധീഖ് അഹമ്മദാണ്. ഉപയോഗ്യ ശൂന്യമായ നൂറുകണക്കിന് ജലാശയങ്ങളും, കിണറുകളും, കുളങ്ങളും വൃത്തിയാക്കി അതിലെ ജലസ്രോതസ്സുകള്‍ പുനസ്ഥാപിക്കുകയും തടയണകള്‍ നിര്‍മിച്ച് ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണുകയും ചെയ്ത വിപ്ലവകരമായ പ്രവര്‍ത്തനത്തിന് ഡോ: സിദ്ധീഖ് അഹമ്മദ് നേതൃത്വം നല്‍കി. ഒപ്പം ഒരു ലക്ഷത്തിലധികം വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.

പാലക്കാടിന്റെ കായിക മേഖലയ്ക്ക് പുതിയ ഉണര്‍വ്വും, പ്രതീക്ഷയും നല്‍കി മുന്നോട്ട് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ലോക വ്യവസായത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന അതിപ്രധാന മേഖലകളായ ഓയില്‍ ആന്റ് ഗ്യാസ്, പവര്‍ എന്നിവ കൂടാതെ നിര്‍മ്മാണം, ഉല്‍പ്പാദനം, ട്രാവല്‍സ്, ഹെല്‍ത്ത്, ഐടി, മീഡിയ, ലോജിസ്റ്റിക്, ആട്ടോമോട്ടീവ്, ട്രേഡിംഗ്, വിദ്യഭ്യാസം തുടങ്ങിയ വൈവിധ്യ മേഖലകളില്‍ വിജയം വരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് അദ്ദേഹത്തെ ഒരു വ്യവസായ പ്രതിഭയാക്കുന്നത്.

പാലക്കാട് മങ്കര, പനന്തറ വീട്ടില്‍ അഹമ്മദ്, മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളില്‍ ഇളയവനാണ് ഡോ. സിദ്ദീഖ് അഹമ്മദ്. നുഷൈബയാണ് ഭാര്യ, റിസ്വാന്‍, റിസാന, റിസ്വി എന്നിവര്‍ മക്കളാണ്.

Report : Vijin Vijayappan

Author