കെഎസ്ആര്‍ടി ജീവനക്കാര്‍ക്ക് മൂന്നിലൊന്ന് ശമ്പളവും ബാക്കി കൂപ്പണും നല്‍കാനുമുള്ള ഹൈക്കോടതി വിധി ഇടതു സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹത്തിന് കിട്ടിയ അംഗീകാരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്.
രണ്ടുമാസത്തെ ശമ്പള കുടിശ്ശിക, ഉത്സവ ബോണസ് എന്നിവ നല്കാന് 103 കോടി നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയ നടപടി കൊടും ക്രൂരതയാണ്. ജോലി ചെയ്ത ശേഷം കൂലിക്കായി കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇത്തരം ഒരു അവസ്ഥ സൃഷ്ടിച്ചതിന് ഉത്തരവാദി സര്‍ക്കാരാണ്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന് ഊറ്റം കൊള്ളുന്ന സിപിഎമ്മിന്റെ തൊഴിലാളി വഞ്ചനയ്ക്ക് തെളിവാണ് കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം.സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും തൊഴിലാളി വഞ്ചനയ്ക്കെതിരെ പ്രതിഷേധിക്കാന്‍ വര്‍ഗബോധമുള്ള മുഴുവന്‍
തൊഴിലാളികളും മുന്നോട്ട് വരണം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഓണക്കിറ്റും നല്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണാംശകള്‍ നേരുന്നുയെന്ന ഗതാഗതമന്ത്രിയുടെ ഒരു പ്രസ്താവന കൂടി വന്നാല്‍ എല്ലാം തികയുമെന്നും ഹസ്സന് പരിഹസിച്ചു.
ഓണാഘോഷത്തിനും സമാഹ്യക്ഷേമ പെന്ഷന് നല്‍കാനും 3000 കോടി കടമെടുത്ത സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കാശില്ലെന്ന നിലപാട് വിവേചനപരമാണ്. ഈ അനീതിയും അവഗണനയും തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ യുഡിഎഫും പങ്കുചേരുമെന്നും ഹസ്സന് മുന്നറിയിപ്പ് നല്കി.