പരിപ്പുതോട് സർവീസിനെ ഹിറ്റാക്കി കെഎസ്ആർടിസി കൂട്ടായ്മ

Spread the love

കീഴ്പ്പള്ളി പരിപ്പുതോട് നിന്ന് പുറപ്പെട്ട ബസ് കൃത്യ സമയം സ്റ്റോപ്പിൽ എത്തുമെന്ന വാട്ട്‌സാപ്പ് സന്ദേശം. ഉറങ്ങിപ്പോയവരെ ഇറങ്ങേണ്ട സ്ഥലമെത്തുമ്പോൾ വിളിച്ചുണർത്തുന്ന കണ്ടക്ടർ. ഇത് സ്വകാര്യ ലക്ഷ്വറി ബസാണെന്ന് കരുതിയെങ്കിൽ തെറ്റി. പരിപ്പുതോട്-കാസർകോട് റൂട്ടിലൂടെയുള്ള കെ എസ് ആർ ടി സി ബസിലെ പതിവ് കാഴ്ചയാണിത്. ഒരു കൂട്ടം യാത്രക്കാർ ഹൃദയത്തിലേറ്റിയ കെ എസ് ആർ ടി സി സർവീസിന്റെ കഥ.
പത്ത് വർഷം മുൻപാരംഭിച്ച ബസ് സർവീസ് ജനങ്ങളുടേതായതോടെ യാത്രക്കാർ എട്ട് വർഷം മുമ്പ് വാട്ട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. തീവണ്ടിയിൽ സീസൺ ടിക്കറ്റ് യാത്രക്കാർ ചെയ്യുന്നത് പോലെയുള്ള ഒരു കൂട്ടായ്മ. 40 സ്ഥിരം യാത്രക്കാരുൾപ്പെടെ ഇപ്പോൾ നൂറിലേറെ പേരാണ് ഗ്രൂപ്പിലുള്ളത്. ഒരു തവണയെങ്കിലും ബസിൽ കയറിയ ആർക്കും താൽപ്പര്യമുണ്ടെങ്കിൽ ഇതിൽ അംഗമാവാം. വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ദിവസ വേതനക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ കൂട്ടായ്മയുടെ ഭാഗമാണ്.
ബസ് ഡ്രൈവറും കണ്ടക്ടറും സ്ഥിരംയാത്രക്കാരായ ആറു പേരും ചേർന്ന അഡ്മിൻ പാനലിനാണ് ഗ്രൂപ്പിന്റെ ചുമതല. പരിപ്പ്തോട് നിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന ബസ് 9.15ന് കണ്ണൂരിലെത്തും. ബസ് പുറപ്പെടുന്ന സമയം മുതൽ ഗ്രൂപ്പിൽ സന്ദേശവുമെത്തും. പിന്നീട് കയറുന്ന യാത്രക്കാർ സമയക്രമം അപ്‌ഡേറ്റ് ചെയ്യും. വൈകുമെങ്കിൽ അതും അറിയിക്കും. എടൂർ എത്തുമ്പോഴേക്കും ബസിൽ ആളുകൾ നിറയും. കൂടുതലും സ്ഥിരം യാത്രക്കാരാണ് ബസിൽ ഉണ്ടാവുക. ബസുകളുടെ സമയക്രമം, ടൂർ പാക്കേജ് തുടങ്ങി കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഗ്രൂപ്പിൽ ചർച്ചയാകാറുണ്ട്. 9.30ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ബസ് 12.30ന് കാസർകോടും 4.45ന് തിരിച്ച് കണ്ണൂരിലുമെത്തും. അറ്റകുറ്റപ്പണി ഉണ്ടാകുകയാണെങ്കിൽ മറ്റ് ബസ് അയക്കുന്നതിനാൽ സർവ്വീസ് മുടങ്ങാറില്ല.
ശരാശരി 18000 രൂപയാണ് ഒരു ദിവസത്തെ വരുമാനം. 9500 രൂപ ഡീസലിന് ചെലവാകും. ഒരു മാസം ഡീസൽ ചെലവ് കഴിച്ച് ശരാശരി 2.5 ലക്ഷം വരുമാനം ലഭിക്കുന്ന സർവീസാണിതെന്ന് കണ്ടക്ടർ രാജേഷ് പറഞ്ഞു. നേരത്തെ നഷ്ടം കാരണം സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിയ റൂട്ടിലാണ് ഈ കെ എസ് ആർ ടി സി ലാഭകരമായി ഓടുന്നത്. ഡ്രൈവർമാരായ കെ കെ ബിജോ, ബി ഗിരീഷ്, കണ്ടക്ടർമാരായ എം ബി രാജേഷ്, എൻ സുഹാസ് എന്നിവരാണ് ഇതിലെ സ്ഥിരം ജീവനക്കാർ. വൈകീട്ട് 4.57ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 7ന് പരിപ്പുതോട് എത്തുന്നതോടെയാണ് ഒരു ദിവസത്തെ യാത്ര അവസാനിക്കുക.

Author