നടന് ടോവിനോ തോമസ് മുഖ്യാതിഥി
ഓണാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ സെപ്തംബര്‍ ഒന്‍പതിന് വൈകീട്ട് 7.30 ന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ ‘കോഴിക്കോടിന്റെ ഓണോത്സവം’ എന്ന പേരില്‍ കലാ-കായിക-സംഗീത-നാടക-സാഹിത്യ പരിപാടികള്‍ അരങ്ങേറും.
സെപ്റ്റംബര്‍ ഒന്‍പതിന് മാനാഞ്ചിറ മൈതാനിയില്‍ വൈകീട്ട് 7.30 മുതല്‍ 9.30 വരെ മുടിയേറ്റ്, ഒപ്പന എന്നീ കലാപരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ വൈകീട്ട് 6.30 ന് ‘പച്ചമാങ്ങ’ നാടകം അരങ്ങേറും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ വൈകിട്ട് 6 മണിക്ക് മട്ടന്നൂര്‍ ശങ്കരന് കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോയും രാത്രി 8 മണിക്ക് സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകന് കാര്‍ത്തിക്കിന്റെ മ്യൂസിക് നൈറ്റ് ഇവന്റും നടക്കും.
വൈകിട്ട് 6.00ന് കുറ്റിച്ചിറയിലെ വേദിയില്‍ പ്രശസ്ത ഗായിക രഹ്നയും സംഘവും നയിക്കുന്ന ഇശല്‍ നിശയും ബേപ്പൂരിലെ വേദിയില്‍ ആല്‍മരം മ്യൂസിക് ബാന്റിന്റെ മ്യൂസിക്കല്‍ ഇവന്റുമാണ് നടക്കുക. തളിയിലെ വേദിയില്‍ വൈകിട്ട് 6 മണിക്ക് ഉസ്താദ് റഫീഖ് ഖാന് ഒരുക്കുന്ന സിതാര്‍ സംഗീത രാവ് അരങ്ങേറും. മാനാഞ്ചിറയില്‍ വൈകീട്ട് 3 ന് കളരി അഭ്യാസവും 6.30 ന് മാരത്തോണുമുണ്ടാവും.
സെപ്തംബര്‍ പത്തിന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ വൈകിട്ട് ആറിന് ശ്രീകാന്തും അശ്വതിയും ചേര്‍ന്നൊരുക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, 7.30 ന് നാദിര്‍ഷയും സംഘവും ഒരുക്കുന്ന മ്യൂസിക് – ഡാന്‍സ് – കോമഡി ഷോ എന്നിവയുണ്ടാവും. മാനാഞ്ചിറയിലെ വേദിയില്‍ 6.30 മുതല്‍ 9.30 വരെ നാടന്‍ പാട്ടും കളികളും, പഞ്ചുരുളി തെയ്യം, ചാമുണ്ഡി തെയ്യം പുലി തെയ്യം എന്നിവ നടക്കും. ടൗണ്‍ഹാളില്‍ 7 മണിക്ക് ‘മക്കള്‍ക്ക്’ നാടകം അരങ്ങേറും.
വൈകിട്ട് ആറിന് ഭട്ട് റോഡിലെ വേദിയില്‍ ദേവാനന്ദ്, നയന്‍ ജെ ഷാ, ഗോപികാ മേനോന് തുടങ്ങിയവരുടെ ഗാനോത്സവവും കുറ്റിച്ചിറയില്‍
സുഫി സംഗീതവും നടക്കും. ബേപ്പൂരിലെ വേദിയില്‍ ചിത്ര അയ്യരും അന്‍വര്‍ സാദത്തും ഒരുക്കുന്ന ഗാനനിശ, തളിയില്‍ പത്മഭൂഷണ്‍ സുധ രഘുനാഥന്റെ കര്‍ണാടിക് വോക്കല്‍ എന്നിവയും നടക്കും. മാനാഞ്ചിറയില്‍ രാവിലെയും വൈകുന്നേരവും ആര്‍ച്ചറി മത്സരം സംഘടിപ്പിക്കും. വൈകീട്ട് 4 ന് എയറോബിക്സ്, 4.30 ന് മ്യൂസിക്കല്‍ ചെയര്‍ മത്സരങ്ങള്‍ നടക്കും.
പരിപാടികളുടെ സമാപന ദിനമായ സപ്തംബര്‍ 11 ന് മാനാഞ്ചിറയില്‍ വൈകീട്ട് 7.30 മുതല്‍ 9 വരെ ആദിവാസി നൃത്തം, പരുന്താട്ടം, മാപ്പിളപ്പാട്ട്, എന്നിവയുണ്ടാവും. വൈകിട്ട് നാലുമണിക്ക് വടം വലി മത്സരം സംഘടിപ്പിക്കും.
ടൗണ്‍ഹാളില്‍ രാത്രി 7 ന് കാവല്‍, യൂ ടേണ്‍ എന്നീ നാടകങ്ങള്‍ അരങ്ങേറും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ വൈകിട്ട് 6-ന് നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, രാത്രി 7.30ന് അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന മ്യൂസിക് ഇവന്റ്, മറിമായം ടീമിന്റെ കോമഡി ഷോ എന്നിവയാണ് അരങ്ങേറുക. വൈകിട്ട് 6.00ന് ഭട്ട് റോഡ് വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകരായ മിന്മിനിയും സുനില്‍ കുമാറും ഒരുക്കുന്ന സംഗീത രാവ്, കുറ്റിച്ചിറയില്‍ തേജ് മെര്വിന് ഒരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി, ബേപ്പൂരില്‍ യുമ്ന ആന്‍ഡ് ടീമിന്റെ ഗാന നിശ എന്നിവ നടക്കും.
തളിയില്‍ വൈകിട്ട് 6 മണിക്ക് ഡോ. സമുദ്ര മധു, ഡോ. സമുദ്ര സജീവ് എന്നിവര്‍ ഒരുക്കുന്ന ‘ജലം’ കണ്ടംപററി ഡാന്‍സും മഞ്ജു വി. നായരും സംഘവും ഒരുക്കുന്ന ‘ഭൗമി’ ഭരതനാട്യം ബാലെയും ഉണ്ടാവും. വൈകിട്ട് ഏഴിന് കോഴിക്കോട് ബീച്ച് വേദിയില്‍ സമാപന സമ്മേളനം നടക്കും. വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, അസിസ്റ്റന്റ് കലക്ടര്‍ സമീര്‍ കിഷന്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി.ജെ അഭിലാഷ്, പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ദീപ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ്.കെ സജീഷ്, ഡി.ടി.പി.സി സെക്രട്ടറി പി. നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.