ഓണത്തിൻ്റെ കണ്ണീർപ്പൂക്കളുമായി ‘നീലാഴി തീരത്ത് ‘ശ്രദ്ധേയമാകുന്നു

Spread the love

ബാല്യകാലത്തിന്റെ ഏറ്റവും സുഖമുള്ള ഓര്‍മയാണ് ഓണം. അത് നീലാഴി തീരം സാക്ഷിയായി കണ്ണീരില്‍ കുതിര്‍ന്നാണെങ്കിലോ? കടല്‍പോലെ ആഞ്ഞടിക്കുന്ന വേര്‍പാടിലും ആ കുഞ്ഞുമനസ്സിന്റെ പുഞ്ചിരി കാണാന്‍ കൊതിക്കുന്ന ഒരമ്മ. സമൃദ്ധിയുടെ കാഴ്ചകളൊരുക്കുന്ന പതിവ് ഓണപ്പാട്ടുകള്‍ക്ക് ഇടവേള

നല്‍കുകയാണ് നീലാഴി തീരത്ത് സംഗീത ആല്‍ബം. നൂറ വരിക്കോടന്റെ രചനയില്‍ കലേഷ് പനമ്പയില്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മി കെ. അനിലാണ്. ഇല്ലായ്മയിലും ചേര്‍ത്തു നിര്‍ത്തലിന്റെ ആഘോഷമാണ് ഓണമെന്ന് വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുകയാണ് നീലാഴി തീരത്ത്. പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനാണ് പ്രൊജക്ട് ഡിസൈനര്‍.

നോവും സുഖമുണര്‍ത്തുന്ന പാട്ടിന് ദൃശ്യഭാഷയൊരുക്കിയിരിക്കുന്നത് സബിന്‍ കാട്ടുങ്ങളലാണ്. ആഞ്ചലിന്‍ വി. സോജന്‍, സിജി പ്രദീപ്, ഫെബി, കുഞ്ഞുമോള്‍, പ്രിന്‍സ് കണ്ണാറ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഐവാസ് വിഷ്വല്‍ മാജിക് നിര്‍മിച്ചിരിക്കുന്ന നീലാഴി തീരത്തിന്റെ ഛായാഗ്രഹണം ഗൗതം ബാബുവാണ്. ചിത്രസംയോജനം: ഏകലവ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍, കലാസംവിധാനം: സുരേഷ് ബാബു നന്ദന, അസോസിയേറ്റ് ഡയറക്ടര്‍: ഗോക്രി, അസിസ്റ്റന്റ് ഡയറക്ടര്‍: നിഷ, ചമയം: ഷമി ബഷീര്‍, പ്രൊഡക്ഷന്‍ മാനേജര്‍: അരുണ്‍ ബോസ്. ഫിനാന്‍സ് മാനേജര്‍: ശ്രീഹരി.

Author