ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിച്ച് ജനങ്ങൾക്കു തുറന്നുനൽകുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിക്കുന്ന ഒ.പി, അത്യാഹിതവിഭാഗം ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ദിവസേന നാനൂറു രോഗികൾ എത്തുന്ന ഒ.പിയിലെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിരുന്ന അപര്യാപ്തത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2.78 കോടി രൂപ ചെലവിൽ 9188.93 ചതുരശ്ര അടി കെട്ടിടമാണ് നിർമിക്കുന്നത്. നിപ്പ, കോവിഡ് തുടങ്ങി മഹാമാരികൾ നേരിടുന്നതിൽ കേരളത്തിന് ആഗോള മാതൃകയാകാൻ സാധിച്ചതിനുള്ള പ്രധാനകാരണം കുടുംബാരോഗ്യകേന്ദ്രങ്ങളാണ്.ഓരോ പ്രദേശത്തെയും കുടുംബങ്ങളെയും ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രങ്ങൾക്കായി. കേരളത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുർദൈർഘ്യം ദേശീയ ശരാശരിയിലേക്കാൾ മുകളിലും ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവ ദേശീയ ശരാശരിയിലും കുറവുമാണ്. ഇത്തരത്തിൽ ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ഏറെ പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.

Leave Comment