പേവിഷ പ്രതിരോധയജ്ഞം; ജില്ലയിലെ ആദ്യ വാക്‌സിനേഷന്‍ ക്യാമ്പ് അമ്പലപ്പാറയില്‍

Spread the love

ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി
പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും നടന്നു. ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. ജില്ലയിലെ തന്നെ ആദ്യത്തെ വാക്‌സിനേഷന്‍ ക്യാമ്പാണ് അമ്പലപ്പാറയില്‍ നടക്കുന്നത്. അമ്പലപ്പാറ വെറ്ററിനറി ഡിസ്പന്‍സറി മുഖേനയാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്.ലൈസന്‍സ് എടുക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12 മുതല്‍ നാലു ദിവസമാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ രജിസ്‌ട്രേഷനും 10.30 മുതല്‍ മൂന്നു വരെ വാക്‌സിനേഷനുമാണ് നടത്തുന്നത്. വെറ്റിനറി ഡിസ്‌പെന്‍സറി വഴി നല്‍കുന്ന വാക്‌സിനേഷനു ശേഷം പ്രദേശങ്ങളെ അടിസ്ഥാനമാക്കിയും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി പറഞ്ഞു.
വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി നിര്‍വഹിച്ചു.