തൊഴിലാളിക്ഷേമനിധി ബോര്‍ഡുകള്‍ കൂടുതല്‍ ശക്തം കേരളത്തില്‍ : മന്ത്രി വി ശിവന്‍കുട്ടി

Spread the love

തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സാമൂഹിക സുരക്ഷിതത്വവും ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള ക്ഷേമനിധി ബോര്‍ഡ് സംവിധാനം കൂടുതല്‍ ശക്തമായിട്ടുള്ളത് കേരളത്തില്‍ മാത്രമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.കേരളത്തില്‍ ഇപ്പോള്‍ 16 ക്ഷേമനിധി ബോര്‍ഡുകളാണുള്ളത്. സമൂഹത്തിലെ നല്ലൊരു പങ്ക് തൊഴിലാളികളും ഈ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളാണെന്നും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഭേദഗതി ചെയ്ത ഒന്‍പത് തൊഴിലാളി നയങ്ങളും ക്ഷേമനിധി ബോര്‍ഡുകളുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ മികച്ച വിജയം കരസ്ഥാമാക്കിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്‍റെ സംസ്ഥാനതല വിതരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ആനുകൂല്യങ്ങളും പദ്ധതികളുമാണ് തൊഴിലാളികളുടെ ഉന്നമനത്തിനായി ബോര്‍ഡുകള്‍ വഴി നടപ്പിലാക്കി വരുന്നത്. ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് അടിയന്തിരമായി സ്വീകരിക്കണമെന്നും ഇ പി എഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപിഎഫ് അധികൃതരുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മികച്ച വിജയം കരസ്ഥമാക്കി പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം നേടിയ ഏഴ് കുട്ടികള്‍ക്ക് ലാപ്ടോപ്പുകളും എസ് എസ്‌ എല്‍ സി തലം മുതലുള്ള മികച്ച വിജയം കരസ്ഥമാക്കിയ 97 കുട്ടികള്‍ക്ക് സ്വര്‍ണനാണയങ്ങളും സ്കോളര്‍ഷിപ്പുകളും മന്ത്രി വിതരണം ചെയ്തു. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് സുനില്‍ കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ബോര്‍ഡ് ഡയറക്ടര്‍മാരായ വി പി സക്കറിയ, റ്റി കെ വിശ്വനാഥന്‍, ഡി ലാല്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ബിച്ചു ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍
9745507225

Author