മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബംഗ്ളുരുവിൽ കൂടിക്കാഴ്ച നടത്തി

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബംഗ്ളുരുവിൽ കൂടിക്കാഴ്ച നടത്തി. രാവിലെ 9.30 ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച.
രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
എൻ. എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂർ മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.
വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.
ചർച്ചയിൽ കർണാടക ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Author