മന്ത്രി വീണാ ജോര്‍ജിന് വലിയ സല്യൂട്ടുമായി എം ജയചന്ദ്രനും ഹരിനാരായണനും
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് വലിയ സല്യൂട്ടുമായി പ്രശസ്ത സംഗീത സംവിധായകനായ എം ജയചന്ദ്രനും ഗാനരചയിതാവായ ഹരിനാരായണനും. സുഹൃത്തിന്റെ മകളെ സഹായിച്ചതിനാണ് ഇരുവരും മന്ത്രിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. എം ജയചന്ദ്രന്റെ സുഹൃത്താണ് ശ്രീനന്ദയുടെ അച്ഛന്‍ സുരേഷ്. നാല് വയസ് മുതല്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗിയാണ് ഈ കുട്ടി. ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620ന് മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27ലേക്കും എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പോഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്‌റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും. ഉടന്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് വിളിക്കും.
അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് സ്‌കൂളിലെത്തും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും. പിന്നെ മണിക്കൂര്‍ നേരം കുട്ടി തളര്‍ന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോള്‍ ഷുഗര്‍ ലെവല്‍ കൂടാന്‍ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതിനാല്‍ മാതാപിതാക്കള്‍ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയില്‍ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാല്‍ സുരേഷ് അടുത്ത് തന്നെയുള്ള ഒരു വീട്ടില്‍ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കുന്നു. കുട്ടിയുടെ അമ്മയാണങ്കില്‍ സദാ നേരം കുട്ടിയെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.
ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം. നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലര്‍ച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗര്‍ ചെക്ക് ചെയ്യണം. ചികിത്സാചെലവ് തന്നെ ഭീമമായ ഒരു തുക വരും. സര്‍ക്കാരിന്റെ മിഠായി പദ്ധതിയില്‍ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോള്‍ ഇന്‍സുലിന്‍ ലഭിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല. ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കലാണത്രെ. അതിന് 7 ലക്ഷം രൂപവരും. മാത്രമല്ല അതിന്റെ മെയ്ന്റനന്‍സ് കോസ്റ്റ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ. സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
ഈ അവസ്ഥയിലാണ് എം ജയചന്ദ്രന്‍ സുഹൃത്തിന്റെ വിഷമത്തെ പറ്റി ഹരിനാരായണനോട് പറഞ്ഞത്. തൃശൂരില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഹരിനാരായണന്‍ കണ്ടു. ഒരവസരം കിട്ടിയപ്പോള്‍ മന്ത്രിയോട് ശ്രീനന്ദയുടെ കാര്യം പറഞ്ഞു. മന്ത്രി സുരേഷിന്റെ നമ്പര്‍ വാങ്ങി അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. ശ്രീനന്ദയ്ക്ക് വേണ്ടിയുള്ള സഹായം ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.
ശ്രീനന്ദക്ക് വേണ്ട ഇന്‍സുലിനും അനുബന്ധ മരുന്നുകളും ആവശ്യാനുസരണം ലഭ്യമാക്കും. അത് തൃശൂരില്‍ പോയി വാങ്ങാതെ പാലക്കാട് നിന്ന് തന്നെ ലഭിക്കും. മരുന്ന് എപ്പോള്‍ തീര്‍ന്നാലും, എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ നഴ്‌സിനെ വിളിക്കാം. കുട്ടിയുടെ സ്‌കൂളില്‍ അധ്യാപകര്‍ക്ക് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്‌സിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത്, ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ അത് (ഇന്‍സുലിന്‍ പമ്പാണങ്കില്‍ അത്) കുട്ടിക്ക് ലഭ്യമാക്കും.
ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയും ഉറപ്പും ഒരു പ്രതീക്ഷയും സന്തോഷവുമാണെന്ന് എം ജയചന്ദ്രനും ഹരിനാരായണനും കുറിയ്ക്കുന്നു.
വലിയൊരു സല്യൂട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്/ ഡോക്ടര്‍മാര്‍ക്ക്/ ആരോഗ്യവകുപ്പിന്/ സര്‍ക്കാരിന് എന്ന് പറഞ്ഞാണ് ഇരുവരുടേയും കുറിപ്പ് അവസാനിക്കുന്നത്.
എം ജയചന്ദ്രന്റേയും ഹരിനാരായണന്റേയും ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക്