സര്‍വകലാശാല നിയമനങ്ങളിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണ്ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.
കേരള ഗവര്‍ണ്ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരണം നടത്തുന്നത്. കേരളത്തിന് നാളിതുവരെ പരിചയമില്ലാത്ത ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവര്‍ണ്ണര്‍ തുറന്ന് പറഞ്ഞിട്ടും പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവര്‍ണ്ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎമ്മും ചെയ്യുന്നത്.നാളിതുവരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഗവര്‍ണ്ണറുടെ തുറന്ന് പറച്ചിലൂടെ വ്യക്തമായത്. മുഖ്യമന്ത്രി പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.
സര്‍വകലാശാലയിലെ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണ്ണറുടെ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തതാണ്.എന്നാല്‍ തുടര്‍ന്ന് അങ്ങോട്ട് അതിന്‍മേലുള്ള നടപടികള്‍ക്ക് കാര്യമായ വേഗം ഉണ്ടായില്ലെന്നത് മറ്റൊരു സത്യമാണ്.
പ്രെെവറ്റ് സെക്രട്ടറികൂടിയായ കെകെ രാഗേഷിന്‍റെ ഭാര്യയെ അസോ.പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി സ്റ്റേ ചെയ്തിട്ടും ആ നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഒപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്.അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി സര്‍വകലാശാലകളില്‍ ഇക്കാലയളവില്‍ നിരവധി ക്രമവിരുദ്ധമായ നിയമനങ്ങള്‍ നടന്നിട്ടും അത് തടയുന്നതില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.അതില്‍ ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ഗവര്‍ണ്ണറുടെ ഭാഗത്തുള്ള ദൗര്‍ബല്യങ്ങളെ സിപിഎം ചൂഷണം ചെയ്യുകയും അതിന് അദ്ദേഹം വഴങ്ങി കൊടുക്കുകയും ചെയ്തു.
ഇൗ വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പലവിഷയങ്ങളിലും പരസ്യമായി തര്‍ക്കിക്കുകയും ഒടുവില്‍ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്.
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ നടത്തുന്ന പരസ്പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു