ഫൊക്കാനയുടെ പുതിയ നേതൃത്വം 24 ന് ചുമതലയേറ്റെടുക്കും – ഫ്രാന്‍സിസ് തടത്തില്‍

Spread the love

വാഷിംഗ്ടണ്‍ ഡി സി : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2022—,24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ഈമാസം 24 ന് ചുമതലയേല്‍ക്കും. ഡോ ബാബു സ്റ്റീഫന്‍ അധ്യക്ഷനും ഡോ. കലാ ഷാഹി സെക്രട്ടറിയുമായ പുതിയ ഭരണസമിതി ജൂലൈമാസം ഒര്‍ലോഡോയില്‍ നടന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷനില്‍ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു ഡോ.ബാബു സ്റ്റീഫന്‍ ഫൊക്കാനയുടെ അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ജോര്‍ജി വര്‍ഗീസില്‍ നിന്നും അടുത്ത രണ്ടുവര്‍ഷത്തെ അധ്യക്ഷന്റെ ചുമതലകള്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ ഏറ്റെടുക്കും. വാഷിംഗ്ടണ്‍ ഡിസിയിലെ കെന്‍വുഡ് ഗോള്‍ഫ് ആന്റ് കൗണ്ടി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചരിത്രപരമായ ചടങ്ങില്‍ മുന്‍ഭാരവാഹികള്‍, നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടക്കും. ഫൊക്കാന വിമണ്‍സ് ഫോറം ഭാരവാഹികള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, റിജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ബോര്‍ഡ് ഓഫ് ട്രസ്റ്റീസും ചുമതലയേല്‍ക്കുന്നുണ്ട്.

ഡോ ബാബു സ്റ്റീഫന്‍ ( പ്രസിഡന്റ് ), ഡോ കലാഷാഹി ( ജന.സെക്രട്ടറി ), ബിജു ജോണ്‍ ( ട്രഷറര്‍) ഷാജി വര്‍ഗീസ് , ചാക്കോ കുര്യന്‍ ( വൈസ് പ്രസിഡന്റ്), ജോയി ചാക്കപ്പന്‍ ( അസി.സെക്രട്ടറി), ഡോ മാത്യു വര്‍ഗീസ് ( അസി. ട്രഷറര്‍) സോണി അംബൂക്കന്‍ ( അഡീ.അസോസിയേറ്റ് സെക്രട്ടറി), ജര്‍ജി പണിക്കര്‍ ( അഡീ. അസോ. ട്രഷറര്‍), ഡോ ബ്രിജറ്റ് ജോര്‍ജ് ( വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍), സജി പോത്തന്‍ ( ബി ഒ ടി ചെയര്‍മാന്‍) എന്നിവരാണ് ജോര്‍ജി വര്‍ഗീസ് , ഡോ സജിമോന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ നിന്നും പുതുതായി ചുമതലകള്‍ ഏറ്റെടുക്കുന്ന പുതിയ ഭരണസമിതി അംഗങ്ങള്‍. പുതുതായി ചുമലയേല്‍ക്കുന്ന ചില ഭാരവാഹികള്‍ ജോര്‍ജി വര്‍ഗീസ് -സജിമോന്‍ ആന്റണി ഭരണസമിതിയില്‍ അംഗങ്ങളായിരുന്നു.

ഫൊക്കാനയുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ വലിയൊരു നാഴികല്ലായി മാറുന്ന പ്രവര്‍ത്തനങ്ങളാണ് ഫൊക്കാനയുടെ പുതിയ ഭരണസമിതി വിഭാവനം ചെയ്തിരിക്കുന്നത്. ഇവയില്‍ ഏറ്റവും ആകര്‍ഷകമായത് ഫൊക്കാനയ്ക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമുണ്ടാവുന്നു എന്നതാണ്. ഡോ ബാബു സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാന പ്രഖ്യാപനവും അതായിരുന്നു. ഇതിനകം തന്നെ ആസ്ഥാന മന്ദിരത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കയാണ്. ഇതോടൊപ്പം കേരളത്തിലെ പാവപ്പട്ടെ 25 കുടുംബങ്ങള്‍ക്ക് വീടു വച്ചുകൊടുക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കയാണ്. ഭവന പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 3 വീടുകള്‍ നിര്‍മ്മിക്കാന്‍ 4 ലക്ഷം രൂപ വീതം കേരളത്തിലെ നിര്‍ധനരായ 3 പേര്‍ക്ക് നല്‍കി കഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും നടപടികള്‍ സ്വീകരിച്ചിരിക്കയാണ്.

ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ സന്ദര്‍ശിക്കുകയും അമേരിക്കന്‍ മലയാളികളുടെ യാത്രാ സംബന്ധമായ ബുദ്ധിമുട്ടുകളും മറ്റും ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്ത് വിവിധ മമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളും നടത്തിയിരുന്നു. ഫൊക്കാനയുടെ സഹകരണത്തോടെ നടപ്പാക്കാവുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകളും നടന്നു.

Author